മധ്യപ്രദേശിലെ ധാറിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയത്തിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജ നടത്തുന്നതിനും വെള്ളിയാഴ്ച നമാസ് അർപ്പിക്കുന്നതിനും അനുമതി നൽകി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജനുവരി 23 വെള്ളിയാഴ്ച വസന്ത് പഞ്ചമി ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ, ഇരു വിഭാഗങ്ങൾക്കും ഒരേപോലെ പ്രാർത്ഥനാ സൗകര്യം ഒരുക്കാനാണ് കോടതി നിർദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.
രാജാ ഭോജൻ നിർമ്മിച്ച വാഗ്ദേവി (സരസ്വതി) ക്ഷേത്രമാണ് ഭോജ്ശാല എന്ന് ഹിന്ദു വിഭാഗം ഉറച്ചു വിശ്വസിക്കുമ്പോൾ, ഇത് കമൽ മൗല പള്ളിയാണെന്നാണ് മുസ്ലിം വിഭാഗത്തിന്റെ വാദം. വസന്ത് പഞ്ചമി ദിനത്തിൽ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ തടസ്സമില്ലാത്ത പൂജയും ഹോമങ്ങളും നടത്താൻ ഹിന്ദുക്കൾക്ക് അനുമതിയുണ്ടാകും. അതേസമയം, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നിശ്ചിത ഭാഗത്ത് ജുമാ നമാസ് നടത്തുന്നതിനും കോടതി അനുമതി നൽകി. നമാസ് കഴിഞ്ഞ് വിശ്വാസികൾ ഉടൻ തന്നെ പിരിഞ്ഞു പോകണമെന്നും ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ സനാതന സംസ്കൃതിയുടെ ഭാഗമായ വാഗ്ദേവി ക്ഷേത്രത്തിന്റെ തനിമ നിലനിർത്തണമെന്നും വിദേശാക്രമണകാരികൾ തകർത്ത ക്ഷേത്രമാണ് ഇതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് ആണ് കോടതിയെ സമീപിച്ചത്. ഭോജ്ശാലയിൽ നേരത്തെ നടന്ന പുരാവസ്തു വകുപ്പിന്റെ (ASI) സർവ്വേയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂർണ്ണമായ പൂജാ അവകാശം വേണമെന്നായിരുന്നു ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ, ആചാരപരമായ നമാസ് തടസ്സപ്പെടുത്തരുതെന്ന കോടതിയുടെ മധ്യസ്ഥ നിലപാട് സമാധാനം നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് 8000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ധാറിൽ വിന്യസിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പൈതൃക കേന്ദ്രങ്ങളെ വീണ്ടെടുക്കാനുള്ള നിയമപോരാട്ടങ്ങളിൽ ഈ വിധി ഏറെ നിർണ്ണായകമാണ്.










Discussion about this post