ചെന്നൈ : തമിഴ്നാട്ടിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മധുരാന്തകത്ത് ഒരു മെഗാ റാലി നടത്തി. തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഉന്നയിച്ചത്. ജനാധിപത്യത്തിന് യാതൊരു വിലയും നൽകാതിരിക്കുകയും സ്വന്തം കുടുംബക്ഷേമത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാർ ആണ് ഡിഎംകെ സർക്കാർ എന്ന് മോദി കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ വികസനങ്ങൾ ഉണ്ടാകണമെങ്കിൽ സംസ്ഥാനത്തെ ‘ഡിഎംകെയുടെ ചങ്ങലകളിൽ’ നിന്ന് മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
മധുരാന്തകത്ത് പ്രധാനമന്ത്രി നടത്തിയ മെഗാ റാലിയിൽ വൻ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായിരുന്നത്. ഡിഎംകെയുടെ ദുർഭരണത്തിൽ നിന്ന് തമിഴ്‌നാട് ഇപ്പോൾ മോചനം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ്‌നാട് ഇപ്പോൾ ഒരു ബിജെപി-എൻഡിഎ സർക്കാരിനെ ആഗ്രഹിക്കുന്നു. തമിഴ്‌നാടിനെ വികസിതവും സുരക്ഷിതവും അഴിമതിരഹിതവുമായ സംസ്ഥാനമാക്കി മാറ്റണം. ഡിഎംകെ സർക്കാരിന്റെ പതനത്തിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതായി എനിക്ക് വ്യക്തമായി കാണാൻ കഴിയും. രണ്ടുതവണ ഭൂരിപക്ഷ സർക്കാർ രൂപീകരിച്ചിട്ടും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടി വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. അഴിമതി, മാഫിയ, കുറ്റകൃത്യങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സിഎംസി സർക്കാരാണ് ഡിഎംകെ. അവർ തമിഴ്‌നാട്ടിലെ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചു. ഡിഎംകെ നിരവധി വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും പാലിച്ചില്ല” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.












Discussion about this post