2026-ലെ പത്മ പുരസ്‌കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാനകരമായ നേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മെഗാസ്റ്റാർ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരടക്കം എട്ട് മലയാളി പ്രതിഭകളാണ് ഇത്തവണ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികൾക്ക് അർഹരായത്. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ ഇല്ലാതിരുന്നിട്ടും കേന്ദ്ര സർക്കാർ മുൻകൈ എടുത്താൽ ചില പുരസ്‌ക്കാരങ്ങൾ കേരളത്തെ തേടിയെത്തി.
1. വി.എസ്. അച്യുതാനന്ദൻ (പത്മവിഭൂഷൺ): അന്തരിച്ച ജനനായകൻ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ലഭിച്ചത്. കേരളം നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെങ്കിലും, പൊതുപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ ഏഴു പതിറ്റാണ്ടിലധികം നീണ്ട സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ആദരം.
2. മമ്മൂട്ടി (പത്മഭൂഷൺ): കഴിഞ്ഞ തവണയും കേരളം മമ്മൂട്ടിയുടെ പേര് ശുപാർശ ചെയ്തിരുന്നു. ഇത്തവണ പത്മഭൂഷൺ ലഭിച്ചതോടെ മലയാള സിനിമയുടെ യശസ്സ് വീണ്ടും ഉയർന്നു. മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ നേടിയ മമ്മൂട്ടിക്ക് 1998-ലാണ് പത്മശ്രീ ലഭിച്ചത്. ഒരേ ദിവസം തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും (ഭ്രമയുഗം) പത്മഭൂഷൺ വാർത്തയും അദ്ദേഹത്തെ തേടിയെത്തി എന്നത് ഇരട്ടി മധുരമായി.
3. വെള്ളാപ്പള്ളി നടേശൻ (പത്മഭൂഷൺ): സംസ്ഥാനം നൽകിയ പട്ടികയിൽ ഇല്ലാതിരുന്നിട്ടും വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചു. സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം.
4. ജസ്റ്റിസ് കെ.ടി. തോമസ് (പത്മവിഭൂഷൺ): നിയമരംഗത്തെ അഗാധമായ ജ്ഞാനവും പൊതുസമൂഹത്തിന് നൽകിയ സേവനങ്ങളും പരിഗണിച്ചാണ് മുൻ സുപ്രീം കോടതി ജഡ്ജി കെ.ടി. തോമസിനെ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചത്.
ഇവരെ കൂടാതെ ബോളിവുഡ് താരം ധർമ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും, ഗായിക അൽക്ക യാഗ്നിക്കിന് പത്മഭൂഷണും ലഭിച്ചു. സ്പോർട്സ് മേഖലയിൽ രോഹിത് ശർമ്മയ്ക്കും ഹർമൻപ്രീത് കൗറിനും പത്മശ്രീ പ്രഖ്യാപിച്ചു.











Discussion about this post