ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ വിമർശിക്കുന്ന കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ലോകം മുഴുവൻ ഈ കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കുമ്പോൾ, കോൺഗ്രസ് ഇതിനെ വെറും ‘ഹൈപ്പ്’ മാത്രമായി കാണുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. തീരുമാനങ്ങൾ എടുക്കാൻ കെൽപ്പില്ലാത്തവരും ജനങ്ങളുമായി ബന്ധമില്ലാത്തവരും തങ്ങൾ ഒന്നും ചെയ്യാത്തതിനെ ഒരു ഗുണമായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുകയാണെന്നും, ഇത്തരം വിമുഖതകൾ കാരണം രാജ്യം വലിയ വില നൽകേണ്ടി വന്നിട്ടുണ്ടെന്നും ഗോയൽ ആഞ്ഞടിച്ചു. മുന്തിരി പുളിക്കുന്നത് ആർക്കെന്ന് അദ്ദേഹം പരിഹസിച്ചു
ഭാരതത്തിന്റെ കയറ്റുമതി മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഈ കരാർ ഒരു ‘വിൻ-വിൻ’ ഡീലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉരുക്ക്, അലുമിനിയം മേഖലകളിൽ യൂറോപ്യൻ യൂണിയന്റെ കാർബൺ ടാക്സ് (CBAM) ഭാരതത്തെ ബാധിക്കുമെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണങ്ങളെ മന്ത്രി തള്ളി. ഇത്തരം സങ്കീർണ്ണമായ വിഷയങ്ങളിൽ ‘എന്റെ വഴി അല്ലെങ്കിൽ ഹൈവേ’ എന്ന തരംതിരിച്ച നിലപാടല്ല, മറിച്ച് ചർച്ചകളിലൂടെയും വിശ്വാസത്തിലൂടെയും പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 25 ട്രില്യൺ ഡോളറിന്റെ സംയുക്ത ജിഡിപിയും രണ്ട് ബില്യൺ ജനങ്ങളുള്ള വിശാലമായ വിപണിയും ലക്ഷ്യമിട്ടുള്ള ഈ നീക്കം, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.
ഓട്ടോമൊബൈൽ മേഖലയിലും നിർമ്മാണ രംഗത്തും ഭാരതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ കരാർ സഹായിക്കും. വിദേശ കമ്പനികൾ വെറും ഇറക്കുമതിക്കാർ എന്ന നിലയിൽ നിന്ന് ഭാരതത്തിൽ തന്നെ യൂണിറ്റുകൾ സ്ഥാപിച്ച് ഉൽപ്പാദനം നടത്തുന്നത് (Localisation) വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഹൈ-എൻഡ് മാനുഫാക്ചറിംഗ് പ്രക്രിയകളും മികച്ച ഗുണനിലവാരമുള്ള ഗവേഷണ രീതികളും ഭാരതീയ വ്യവസായ ലോകത്തേക്ക് എത്തുന്നതോടെ ആഗോള വിപണിയിൽ ഭാരതത്തിന്റെ പ്രതാപം വർദ്ധിക്കും. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ആഗോള ഉൽപ്പന്നങ്ങൾ വേഗത്തിൽ ലഭ്യമാകാനും ഇത് വഴിയൊരുക്കും. ദേശീയതയിലൂന്നിയ സാമ്പത്തിക നയങ്ങളിലൂടെ ഭാരതത്തെ ലോകത്തിന്റെ സാമ്പത്തിക കേന്ദ്രമാക്കാനുള്ള മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ അടയാളമാണ് ഈ കരാറെന്നും പീയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.












Discussion about this post