ഭാരതത്തിന്റെ അതിർത്തികൾക്ക് ഇനി കൂടുതൽ കരുത്തേറിയ സുരക്ഷാ കവചം. പ്രതിരോധ മേഖലയിൽ സമ്പൂർണ്ണ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരതം) ലക്ഷ്യമിട്ട് ഡിആർഡിഒ വികസിപ്പിക്കുന്ന അത്യാധുനിക ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനമായ ‘പ്രോജക്ട് കുശ’ (Project Kusha) നിർണ്ണായക ഘട്ടത്തിലേക്ക്. റഷ്യയുടെ വിഖ്യാതമായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തേക്കാൾ കരുത്താർജ്ജിച്ച രീതിയിലാണ് ഇതിന്റെ രൂപകൽപ്പനയെന്നാണ് വിവരം. ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ 350 കിലോമീറ്റർ വരെ അകലെവെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള ഒരു ‘പോർക്കുപൈൻ’ (മുള്ളൻപന്നി) കവചമാണ് ഭാരതം ഒരുക്കുന്നത്.
മുള്ളൻപന്നി തനിക്ക് ചുറ്റും മുള്ളുകൾ ഉപയോഗിച്ച് പ്രതിരോധം തീർക്കുന്നതുപോലെ, ഭാരതത്തിന്റെ ആകാശത്തെ മൂന്ന് അടുക്കുകളുള്ള സുരക്ഷാ വലയത്തിനുള്ളിലാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി M1, M2, M3 എന്നിങ്ങനെ മൂന്ന് തരം ഇന്റർസെപ്റ്റർ മിസൈലുകളാണ് ഡിആർഡിഒ സജ്ജമാക്കുന്നത്. 150 കിലോമീറ്റർ ദൂരപരിധിയുള്ള M1 മിസൈൽ പ്രാദേശിക ഭീഷണികളെ നേരിടുമ്പോൾ, 250 കിലോമീറ്റർ പ്രഹരശേഷിയുള്ള M2 മിസൈൽ പദ്ധതിയുടെ നട്ടെല്ലായി മാറും. ഏറ്റവും മാരകമായ M3 മിസൈലിന് 350 കിലോമീറ്റർ അകലെയുള്ള ശത്രുലക്ഷ്യങ്ങളെപ്പോലും ചാമ്പലാക്കാൻ സാധിക്കും.
അതിവേഗം പുരോഗമിക്കുന്ന ഈ പദ്ധതി, ‘മിഷൻ സുദർശൻ ചക്ര’യുടെ ഭാഗമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭാരതത്തിന്റെ മണ്ണിൽ നിർമ്മിക്കുന്ന ഈ മിസൈലുകൾക്ക് റഷ്യൻ സംവിധാനത്തേക്കാൾ ഭാരം കുറവാണെന്നതും കൃത്യത കൂടുതലാണെന്നതും ശ്രദ്ധേയമാണ്. 2026-ഓടെ ആദ്യഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശത്രുരാജ്യമായ ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങൾക്കും പാകിസ്താൻ്റെ ഭീഷണികൾക്കും കൃത്യമായ മറുപടി നൽകാൻ ഈ തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ ഭാരതത്തിന് സാധിക്കും.













Discussion about this post