ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അപമാനിച്ചെന്നാരോപിച്ചാണ് അമിത് ഷായുടെ വിമർശനം. രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത ചടങ്ങിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അഭിമാനമായ ‘ഗമോസ’ (പരമ്പരാഗത അസമീസ് വസ്ത്രം) ധരിക്കാൻ രാഹുൽ വിസമ്മതിച്ചതാണ് വിമർശനത്തിന്. അസമിലെ ദിബ്രുഗഡിൽ നടന്ന പൊതുപരിപാടിയിലാണ് അമിത് ഷാ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്.
“രാഹുൽ ഗാന്ധിക്ക് എന്തുവേണമെങ്കിലും ചെയ്യാം, പക്ഷേ ബിജെപി അധികാരത്തിലിരിക്കുന്നിടത്തോളം കാലം അസമിന്റെയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയോ സംസ്‌കാരത്തെ അപമാനിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്ന്,” അമിത് ഷാ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ വിരുന്നിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആദരസൂചകമായി ഗമോസ ധരിച്ചപ്പോൾ രാഹുൽ ഗാന്ധി മാത്രം അതിന് തയ്യാറായില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഭാരതത്തിന്റെ വൈവിധ്യങ്ങളെയും പാരമ്പര്യങ്ങളെയും ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. അസമിലെ ജനങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കാൻ പഠിക്കാത്തവർക്ക് ഈ മണ്ണിൽ വോട്ട് ചോദിക്കാൻ അർഹതയില്ലെന്ന് ഹിമന്ത ശർമ്മ പരിഹസിച്ചു.













Discussion about this post