സാമ്പത്തികമായി തകർന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന പാകിസ്താൻ, തങ്ങളുടെ ഗതികേട് ഒടുവിൽ പരസ്യമായി സമ്മതിച്ചു. വിദേശരാജ്യങ്ങളിൽ പോയി കടം ചോദിക്കുന്നത് ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുന്നതാണെന്നും ലോകത്തിന് മുന്നിൽ തലകുനിക്കേണ്ടി വരുന്നത് നാണക്കേടാണെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുറന്നു പറഞ്ഞു. എന്നാൽ, ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യക്കെതിരെയുള്ള ഭീകരവാദ അജണ്ടകൾ പാകിസ്താൻ ഉപേക്ഷിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പുതിയ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കശ്മീരി സാമൂഹ്യപ്രവർത്തകർക്കും ഭീകരവാദ വിരുദ്ധ പോരാളികൾക്കും എതിരെ പാക് പിന്തുണയുള്ള ഭീകരസംഘടനകൾ വധഭീഷണി മുഴക്കിയിരിക്കുകയാണ്. യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (EFSAS) ഡയറക്ടറും പ്രമുഖ ഭീകരവാദ വിരുദ്ധ വിദഗ്ധനുമായ ജുനൈദ് ഖുറേഷിക്കെതിരെയാണ് ലഷ്കർ-ഇ-തൊയ്ബയുടെ ബിനാമി സംഘടനയായ ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) വധഭീഷണി മുഴക്കിയത്. ‘കശ്മീർ ഐക്യദാർഢ്യ ദിനം’ ആഘോഷിക്കാനിരിക്കെയാണ് ഈ നീക്കം. കശ്മീരിലെ യഥാർത്ഥ സാഹചര്യം അന്താരാഷ്ട്ര വേദികളിൽ തുറന്നു കാട്ടുന്നവരെ നിശബ്ദരാക്കാനുള്ള പാകിസ്താൻ്റെ ശ്രമമാണിതെന്ന് വ്യക്തമാണ്. ഈ ഭീഷണിയുടെ പിന്നിൽ പാകിസ്ഥാനിലെ റാവൽപിണ്ടി ആസ്ഥാനമായുള്ള ഭീകര ഹാൻഡ്‌ലർമാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
മറുവശത്ത്, പാകിസ്താൻ നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയുടെ ചിത്രം ഷെഹ്ബാസ് ഷെരീഫ് തന്നെ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ വെളിപ്പെടുത്തി. “ഞാനും കരസേനാ മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും ലോകമെമ്പാടും ഭിക്ഷ യാചിച്ച് നടക്കുകയാണ്. കടം ചോദിക്കുമ്പോൾ നമ്മുടെ തല താഴുന്നു. വായ്പ നൽകുന്നവർ മുന്നോട്ടുവെക്കുന്ന പല കാര്യങ്ങളും നമുക്ക് വേണ്ടെന്ന് വെക്കാൻ പോലുമാകാത്ത അവസ്ഥയാണ്,” എന്നാണ് ഷെരീഫ് പറഞ്ഞത്. സൗദി അറേബ്യ, യുഎഇ, ഖത്തർ, ചൈന എന്നീ രാജ്യങ്ങളുടെ കാരുണ്യത്തിലാണ് പാകിസ്താൻ ഇപ്പോൾ ശ്വസിക്കുന്നതെന്നാണ് പരിഹാസം ഉയരുന്നത്.
ഭീകരതയെ പോറ്റിവളർത്താൻ ഉപയോഗിക്കുന്ന പണം സ്വന്തം ജനതയുടെ പട്ടിണി മാറ്റാൻ ഉപയോഗിച്ചിരുന്നെങ്കിൽ ഈ ഗതി പാകിസ്താന് വരില്ലായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വികസന കുതിപ്പിന് മുന്നിൽ പതറുന്ന പാകിസ്താന്, ഭീകരവാദത്തെ ആയുധമാക്കുമ്പോഴും സ്വന്തം ആത്മാഭിമാനം ലോകത്തിന് മുന്നിൽ പണയപ്പെടുത്തുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഐഎംഎഫ് (IMF) നിബന്ധനകൾക്കും വിദേശ കടങ്ങൾക്കും മുന്നിൽ മുട്ടുമടക്കിയ ഒരു രാഷ്ട്രമായി പാകിസ്താൻ മാറുമ്പോൾ, സുസ്ഥിരമായ സാമ്പത്തിക വളർച്ചയോടെ ഭാരതം ലോകശക്തിയായി മുന്നേറുകയാണ്.










Discussion about this post