തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സഞ്ജു സാംസന്റെ നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷൻ, തന്റെ ലോകകപ്പ് സ്ഥാനത്തിന് മേൽ അവകാശവാദം ഉറപ്പിച്ചു കഴിഞ്ഞു. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ ഇഷാന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അർദ്ധസെഞ്ച്വറിക്ക് തൊട്ടടുത്ത് നിൽക്കുമ്പോഴും വലിയ ഷോട്ടുകൾക്ക് മുതിരുന്ന തന്റെ ശൈലിയെക്കുറിച്ച് ഇഷാൻ ഇങ്ങനെ പ്രതികരിച്ചു: “ഞങ്ങളുടെ ടീമിലെ എല്ലാവരുടെയും ചിന്താഗതി ഇപ്പോൾ ഇതാണ്. നിങ്ങൾ ഒരു മൈൽസ്റ്റോണിന് അടുത്താണെങ്കിൽ പോലും അതിൽ കാര്യമില്ല”.
“ആ ഘട്ടത്തിൽ സിംഗിളുകൾ എടുക്കാൻ തുടങ്ങിയാൽ, പിന്നീട് വലിയ സ്കോറിലേക്കുള്ള അവസരം നഷ്ടപ്പെട്ടുവെന്ന് തോന്നിയേക്കാം. അടിക്കാൻ പാകത്തിലുള്ള പന്താണെങ്കിൽ അത് അടിച്ചിരിക്കണം”.ഇഷാൻ പറഞ്ഞു. വ്യക്തിഗത റെക്കോർഡുകളിലല്ല, മറിച്ച് മത്സരങ്ങൾ വിജയിക്കുന്നതിലാണ് ശ്രദ്ധയെന്നും ഇഷാൻ കൂട്ടിച്ചേർത്തു.
മലയാളി താരം സഞ്ജു സാംസൺ 6 പന്തിൽ 6 റൺസുമായി നിരാശപ്പെടുത്തിയപ്പോൾ, അതേ പിച്ചിൽ ഈഷ് സോധിയെ ഒരോവറിൽ 28 റൺസിന് ശിക്ഷിച്ച ഇഷാൻ കിഷൻ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. റായ്പൂരിന് പിന്നാലെ തിരുവനന്തപുരത്തും നേടിയ ഈ ഫിഫ്റ്റി താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായി അടയാളപ്പെടുത്തപ്പെടും. സഞ്ജു സാംസണ് നാട്ടുകാർക്ക് മുന്നിൽ തിളങ്ങാൻ കഴിയാത്തത് ആരാധകരെ നിരാശരാക്കിയെങ്കിലും, ഇഷാൻ കിഷന്റെ ഈ ആക്രമണോത്സുക ബാറ്റിംഗ് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്. ലോകകപ്പിന് മുമ്പ് ഓപ്പണിംഗിൽ ഇഷാൻ ഇത്രയും ഫോമിലായത് സെലെക്ഷൻ കമ്മിറ്റിയുടെ ജോലി എളുപ്പമാക്കിയിരിക്കുകയാണ്.













Discussion about this post