തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20-യിൽ ഇന്ത്യ 4-1 ന് പരമ്പര സ്വന്തമാക്കിയെങ്കിലും, സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനം ആരാധകരിലും ക്രിക്കറ്റ് നിരീക്ഷകരിലും ആശങ്കയുണ്ടാക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബൗളറായി അറിയപ്പെടുന്ന ബുംറയെ കിവി ബാറ്റർമാർ അടിച്ചൊതുക്കിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ന്യൂസിലൻഡ് ബാറ്റർമാർക്ക് മുന്നിൽ ബുംറ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭനാകുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത് ഇന്നലെ കണ്ടത്. 4 ഓവറിൽ 58 റൺസ് വഴങ്ങിയ ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇത് താരത്തിന്റെ ടി20 കരിയറിലെ ഏറ്റവും ചെലവേറിയ സ്പെല്ലാണ്. നാല് വർഷത്തിന് ശേഷമാണ് ബുംറ ടി20-യിൽ ഒരോവറിൽ ഇത്രയധികം റൺസ് വഴങ്ങുന്നത്. ഡാരിൽ മിച്ചൽ, ഫിൻ അലൻ, രചിൻ രവീന്ദ്ര എന്നിവർ ബുംറയുടെ പന്തിൽ സിക്സറുകൾ പായിച്ചു.
മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ബുംറയുടെ മോശം പ്രകടനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയിരുന്നു. ബുംറയെപ്പോലൊരു ബൗളർ ഇത്ര എളുപ്പത്തിൽ സിക്സറുകൾ വഴങ്ങുന്നത് കാണുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഏഷ്യ കപ്പിൽ പാകിസ്ഥാന്റെ സാഹിബ്സാദ ഫർഹാൻ ബുംറയെ സിക്സർ അടിച്ചപ്പോൾ അതൊരു ഡോക്യുമെന്ററി ആക്കിയതിനെ ചോപ്ര കളിയാക്കിയിരുന്നു. എന്നാൽ ഇന്ന് ബുംറ ആർക്കും അടിക്കാവുന്ന അവസ്ഥയിലായോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.
ബുംറയുടെ പന്തിന്റെ വേഗത കൂടിയെങ്കിലും കൃത്യത നഷ്ടപ്പെട്ടതായി ചോപ്ര നിരീക്ഷിച്ചു. പരിക്കിന് ശേഷം ബുംറയുടെ വേഗത 145 കിലോമീറ്റർ വരെ ഉയർന്നിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രധാന ആയുധമായ നിയന്ത്രണവും സ്ലോവർ ബോളുകളും ലങ്കൻ പിച്ചുകളിൽ എത്രത്തോളം ഫലപ്രദമാകുമെന്നത് കാത്തിരുന്ന് കാണണം. വാം-അപ്പ് മത്സരങ്ങളിൽ ബുംറ തന്റെ ഫോം വീണ്ടെടുക്കുമെന്ന് തന്നെയാണ് നായകൻ സൂര്യകുമാർ യാദവ് വിശ്വസിക്കുന്നത്.












