ലഖ്‌നൗ : മാഘപൂർണിമ ദിനമായ ഫെബ്രുവരി ഒന്നിന് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമസ്ഥാനിൽ വൻ ഭക്തജന തിരക്ക്. പുണ്യ സ്നാനത്തിനായി ഞായറാഴ്ച രാവിലെ മുതൽ ഭക്തരുടെ വൻ തിരക്ക് ആണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12 മണി വരെ 1.5 കോടി പേർ ത്രിവേണിയിൽ പുണ്യ സ്നാനം നടത്തി. മാഘമേള ആരംഭിച്ചതിനു ശേഷം ഇതുവരെ 20 കോടി 50 ലക്ഷം പേർ മാഘമേളയിൽ പുണ്യസ്നാനം ചെയ്തതായി പ്രയാഗ്‌രാജ് ഭരണകൂടം അറിയിച്ചു.
ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സംഗം ഘട്ടിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ (എടിഎസ്) വിന്യസിച്ചിട്ടുണ്ട്. കല്പവാസികളുടെ അവസാനത്തെ സ്നാനോത്സവമായാണ് മാഘ പൂർണിമ കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്നത് ജീവിതത്തിൽ വിശുദ്ധി കൊണ്ടുവരുമെന്നാണ് സനാതന ധർമ്മത്തിൽ വിശ്വസിക്കപ്പെടുന്നത്. മാഘപൂർണിമയിൽ സരയു നദിയിൽ സ്‌നാനം ചെയ്യാൻ അയോധ്യയിലും നിരവധി ഭക്തർ എത്തിച്ചേർന്നിരുന്നു.








