ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന് മുന്നിൽ അടിപതറി പാകിസ്താനും ബംഗ്ലാദേശും. യൂറോപ്യൻ യൂണിയനുമായി ഭാരതം ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) അയൽരാജ്യങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഭാരതീയ ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ നികുതിയില്ലാതെ പ്രവേശനം ലഭിക്കുന്നതോടെ, പാകിസ്താൻ്റെയും ബംഗ്ലാദേശിൻ്റെയും പ്രധാന വരുമാന മാർഗ്ഗമായ ടെക്സ്റ്റൈൽ മേഖല തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.
“ഭാരതം ഇപ്പോൾ ഒരു സാമ്പത്തിക യുദ്ധമുഖം തുറന്നിരിക്കുകയാണ്” എന്നാണ് പാക് മാദ്ധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിലൂടെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ തകർത്തെറിഞ്ഞതിന് പിന്നാലെ ഇന്ത്യ നടത്തുന്ന ഈ ‘സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക്’ പാക് ഭരണകൂടത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ 93 ശതമാനം കയറ്റുമതിക്കും യൂറോപ്പിൽ നികുതി ഇളവ് ലഭിക്കുന്നതോടെ പാകിസ്താൻ്റെ ‘ജിഎസ്പി പ്ലസ്’ ആനുകൂല്യങ്ങൾ അപ്രസക്തമാകും. 2024-ൽ മാത്രം യൂറോപ്യൻ യൂണിയനുമായി 12 ബില്യൺ യൂറോയുടെ വ്യാപാരം നടത്തിയ പാകിസ്താൻ്റെ കയറ്റുമതിയിൽ 75 ശതമാനവും ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളാണ്. ഭാരതത്തിന് കൂടി നികുതിയിളവ് ലഭിക്കുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തോടും കുറഞ്ഞ വിലയോടും മത്സരിക്കാൻ പാകിസ്താന് സാധിക്കില്ലെന്ന് ഉറപ്പാണ്.
ബംഗ്ലാദേശിൻ്റെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. 2025 നവംബറിൽ ‘അവികസിത രാജ്യം’ (LDC) എന്ന പദവി നഷ്ടമായതോടെ ബംഗ്ലാദേശിന് യൂറോപ്പിൽ ലഭിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. 2023-ൽ മാത്രം 17.1 ബില്യൺ യൂറോയുടെ ലാഭം കൊയ്ത ബംഗ്ലാദേശിൻ്റെ വസ്ത്ര വ്യാപാര മേഖലയ്ക്ക് ഭാരതത്തിൻ്റെ ഈ കുതിച്ചുചാട്ടം വലിയ വെല്ലുവിളിയാണ്. 2030-ഓടെ ടെക്സ്റ്റൈൽ കയറ്റുമതിയിൽ 100 ബില്യൺ ഡോളർ എന്ന ലക്ഷ്യത്തിലേക്കാണ് ഭാരതം കുതിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ നയതന്ത്രം പാകിസ്ഥാനെയും ബംഗ്ലാദേശിനെയും സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ്. അതിർത്തിയിൽ സൈനികമായും ആഗോള വിപണിയിൽ സാമ്പത്തികമായും ഭാരതം പുലർത്തുന്ന ഈ ആധിപത്യം ‘നവ ഭാരതത്തിൻ്റെ’ കരുത്താണ് വിളിച്ചോതുന്നത്. ഭാരതീയ ഉൽപ്പന്നങ്ങൾ ലോക വിപണി കീഴടക്കുമ്പോൾ, ഭീകരവാദത്തെ താലോലിക്കുന്ന പാകിസ്താൻ്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്.











