ശത്രുരാജ്യങ്ങളെ വിറപ്പിക്കാൻ അത്യാധുനിക മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ചൈനയുടെ ഉള്ളുകള്ളികൾ പുറത്ത്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചൈനീസ് സൈന്യത്തിലെ (PLA) ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനും പ്രസിഡന്റ് സീ ജിൻപിങ്ങിന്റെ വിശ്വസ്തനുമായ ജനറൽ ഷാങ് യൂക്സിയയെ (General Zhang Youxia) ചൈനീസ് അധികൃതർ തടങ്കലിലാക്കിയിരിക്കുകയാണ്.
ജനുവരി 19-നാണ് ഷാങ് യൂക്സിയ പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയുടെ പരമപ്രധാനമായ ആണവായുധ വിവരങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകി എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള ഏറ്റവും ഗുരുതരമായ ആരോപണം. ഇതിനു പുറമെ സൈനിക ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് കൈക്കൂലി വാങ്ങിയെന്നും രാജ്യത്തിന്റെ യുദ്ധസന്നദ്ധതയെ തകർത്തു എന്നും ഇദ്ദേഹത്തിനെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സൈനിക ബജറ്റിൽ തട്ടിപ്പ് നടത്തുന്ന ‘വലിയ എലികളെ’ (Big Rats) വേരോടെ പിഴുതെറിയുമെന്ന് ചൈനീസ് സൈനിക മാദ്ധ്യമമായ ‘പിഎൽഎ ഡെയിലി’ റിപ്പോർട്ട് ചെയ്തത് ഷാങ് യൂക്സിയയെ ലക്ഷ്യമിട്ടാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുൻപ് പുറത്തുവന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ. ചൈനയുടെ ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളമാണ് നിറച്ചിരുന്നതെന്നും, മിസൈലുകൾ തൊടുക്കേണ്ട സൈലോകളുടെ (Silos) മൂടികൾ പോലും തുറക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരം ഗുരുതരമായ സുരക്ഷാ വീഴ്ചകൾ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സീ ജിൻപിങ് തന്റെ വിശ്വസ്തനെതിരെ തന്നെ തിരിഞ്ഞത്.
തായ്‌വാനുമായി യുദ്ധസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വന്തം സൈന്യത്തിലെ അഴിമതി വലിയ നാണക്കേടായിരിക്കുകയാണ്. ചൈന, ഉള്ളിൽ ഇത്തരം അഴിമതികളിൽ മുങ്ങിയിരിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. തായ്‌വാനെ പിടിച്ചടക്കാൻ ലക്ഷ്യമിടുന്ന 2027-ന് മുൻപ് സൈന്യത്തെ ‘ശുദ്ധീകരിക്കാനുള്ള’ ശ്രമത്തിലാണ് സീ ജിൻപിങ് ഇപ്പോൾ.








