കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ ദുരൂഹതകളുടെ ചുരുളഴിയുന്നു. ആറുമാസത്തോളമായി അദ്ദേഹം അതിഭീകരമായ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിർണ്ണായക രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.
ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് മാഫിയയിലേക്കും രാഷ്ട്രീയ-സിനിമ മേഖലകളിലെ ഉന്നതരിലേക്കും വിരൽ ചൂണ്ടുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. കള്ളപ്പണ ഇടപാടുകൾക്കെതിരെ കേന്ദ്ര ഏജൻസികൾ പിടിമുറുക്കിയതോടെ, തങ്ങളുടെ നിക്ഷേപം പുറത്തറിയുമോ എന്ന ഭയത്താൽ ചില പ്രമുഖർ പണം തിരിച്ചുചോദിച്ചു തുടങ്ങിയതാണ് റോയിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജനുവരി 30-ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഗ്രൂപ്പ് ആസ്ഥാനത്ത് പരിശോധനയ്‌ക്കെത്തിയിരുന്നു. ഇതിനിടെയാണ് റോയിയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ചില സുപ്രധാന ഇടപാടുകളുടെ സ്രോതസ്സ് വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതോടെ റോയി പതറിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തമുണ്ടായത്. ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് ലഭിച്ച റോയിയുടെ കുറിപ്പുകളിൽ നിക്ഷേപകരുടെ വിശദവിവരങ്ങളും ചില രാഷ്ട്രീയ നേതാക്കളുടെ പേരും പരാമർശിക്കുന്നതായാണ് സൂചന. കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ ഇപ്പോഴും ബെംഗളൂരുവിൽ തമ്പടിച്ച് റോയിയുടെ സാമ്പത്തിക സ്രോതസ്സുകൾ അരിച്ചുപെറുക്കുകയാണ്.
മരണത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചെങ്കിലും, പണം നൽകിയ രാഷ്ട്രീയക്കാരുടെ സമ്മർദ്ദത്തെക്കുറിച്ച് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. കള്ളപ്പണ മാഫിയയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ഒരു പ്രമുഖ വ്യവസായിയുടെ ജീവനെടുത്തതെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം സജീവമായിക്കഴിഞ്ഞു.








