ഇന്ത്യയെന്നാൽ അഴുക്കും സുരക്ഷിതത്വമില്ലായ്മയുമാണെന്ന് വരുത്തിത്തീർക്കാൻ ആഗോളതലത്തിൽ നടക്കുന്ന ആസൂത്രിതമായ കുപ്രചരണങ്ങൾക്ക് (Anti-India hate campaign) കനത്ത തിരിച്ചടി. ഭാരതത്തിൽ ഒരു മാസം ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു വിദേശ വനിതയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെഡ്ഡിറ്റിൽ ‘Background_Age_852’ എന്ന ഉപയോക്താവ് പങ്കുവെച്ച ഈ കുറിപ്പ്, ഇന്ത്യയെ കുറിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന ചില ഭയപ്പെടുത്തുന്ന കഥകൾ എത്രത്തോളം പൊള്ളയാണെന്ന് തുറന്നുകാട്ടുന്നു. പാശ്ചാത്യ മാദ്ധ്യമങ്ങളും ചില നിക്ഷിപ്ത താല്പര്യക്കാരും പടച്ചുവിടുന്ന ‘ഭയാനകമായ ഭാരതം’ എന്ന ചിത്രത്തിന് വിപരീതമായി, സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ ഒരു രാജ്യത്തെയാണ് താൻ കണ്ടതെന്ന് ഈ യുവതി സാക്ഷ്യപ്പെടുത്തുന്നു.
യാത്രയ്ക്ക് മുൻപ് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ തന്നെ ഭയപ്പെടുത്തുന്ന കഥകളാണ് കണ്ടതെന്ന് 32-കാരിയായ ഈ യുവതി പറയുന്നു. “ഇന്ത്യയെ ലക്ഷ്യം വെച്ച് നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകൾ എന്നെ ആശങ്കയിലാഴ്ത്തി. സത്യം പറഞ്ഞാൽ ഞാൻ ഭയന്നുപോയി. എന്നാൽ ഇന്ത്യയെ നേരിട്ടറിയുന്ന സുഹൃത്തുക്കളുടെ വാക്കിനെ വിശ്വസിച്ച് ഞാൻ ഇറങ്ങിത്തിരിച്ചു,” അവർ കുറിച്ചു. ദക്ഷിണ-മധ്യ ഇന്ത്യയിലെ നഗരങ്ങളായ പുണെ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, മൈസൂർ, കൊച്ചി, വിശാഖപട്ടണം, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ യാത്ര. ഈ നഗരങ്ങളിലെല്ലാം താൻ പൂർണ്ണ സുരക്ഷിതയായിരുന്നുവെന്നും, വിദേശ രാജ്യങ്ങളിൽ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ മാന്യമായ പെരുമാറ്റമാണ് ഭാരതീയരിൽ നിന്ന് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യക്കാർ കൗതുകത്തോടെ നോക്കാറുണ്ടെന്നത് സത്യമാണ്. എന്നാൽ അതൊരിക്കലും തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. “കിഴക്കൻ യൂറോപ്പിൽ യാത്ര ചെയ്തപ്പോൾ ഇതിനേക്കാൾ മോശമായ രീതിയിൽ ആളുകൾ തുറിച്ചുനോക്കുമായിരുന്നു. എന്നാൽ ഇന്ത്യയിൽ അത് വെറും കൗതുകം മാത്രമാണ്. അപൂർവ്വം ചിലർ ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കാറുണ്ട്, അത് അത്രമാത്രം,” യുവതി പറയുന്നു. വസ്ത്രധാരണത്തിലും താമസസൗകര്യങ്ങളിലും ചില മുൻകരുതലുകൾ എടുത്തിരുന്നു. പ്രാദേശിക സ്ത്രീകളോട് സംസാരിക്കാൻ തയ്യാറായത് തന്റെ യാത്ര കൂടുതൽ എളുപ്പമാക്കിയെന്നും അവർ വെളിപ്പെടുത്തി.










