തലസ്ഥാന നഗരിയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിലിടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ ചലച്ചിത്ര താരം മണിയൻപിള്ള രാജു അറസ്റ്റിൽ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി മ്യൂസിയം പോലീസാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനിൽ ഹാജരായ താരത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയാണെന്ന് മണിയൻപിള്ള രാജു സ്ഥിരീകരിച്ചു. വാഹനം നിർത്താതെ പോയത് വലിയ തെറ്റായിപ്പോയെന്നും എന്നാൽ ആ നിമിഷം താൻ ആകെ പരിഭ്രാന്തിയിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. ‘KL 01 CJ 04’ നമ്പറിലുള്ള കാറാണ് ബൈക്ക് യാത്രികരെ ഇടിച്ചിട്ടത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. നിവേദിതിന്റെ കാലുകൾ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. സൂരജിന്റെ നട്ടെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും മറ്റൊരാൾ എസ്. മെഡിസിറ്റിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. അപകടം നടന്ന ഉടൻ വാഹനം നിർത്താതെ പോയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
“ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞാൻ. ബൈക്ക് വളരെ വേഗത്തിൽ വന്ന് വണ്ടിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ആ ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ പാനിക് ആയിപ്പോയി. ഒരു കാൻസർ രോഗിയായ താൻ പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് വാഹനം നിർത്താതെ പോയത്. ഉടൻ തന്നെ സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചിരുന്നു. വണ്ടി നിർത്താതിരുന്നത് തെറ്റ് തന്നെയാണെന്ന് ഞാൻ സമ്മതിക്കുന്നു,” മണിയൻപിള്ള രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയായ സുധീർകുമാർ രാജു എന്നത് നടന്റെ യഥാർത്ഥ പേരാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി തന്നെ പോലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെയാണ് താരം സ്റ്റേഷനിൽ ഹാജരായത്. സംഭവത്തിൽ മ്യൂസിയം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രമുഖ നടൻ തന്നെ അപകടമുണ്ടാക്കി നിർത്താതെ പോയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.












