അമേരിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ടോസ് ഇടാൻ എത്തിയപ്പോഴാണ് വാംഖഡെ സ്റ്റേഡിയത്തെ പൊട്ടിച്ചിരിപ്പിച്ച ആ സംഭവം നടന്നത്. ടോസ് ജയിച്ചാൽ എന്ത് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ്, നായകൻ സൂര്യകുമാർ യാദവ് അടുത്തുനിന്ന രോഹിത് ശർമ്മയോട് ഉപദേശം ചോദിച്ചതാണ് വൈറലായത്.
വാംഖഡെയിലെ പിച്ചിന്റെ സ്വഭാവം നന്നായി അറിയാവുന്ന സൂര്യകുമാർ, ടോസ് ഇടുന്നതിന് തൊട്ടുമുമ്പ് രോഹിത് ശർമ്മയുടെ അടുത്തേക്ക് ചെന്നു. “നമുക്ക് ബാറ്റിംഗ് വേണോ അതോ ബൗളിംഗ് വേണോ?” എന്ന് സൂര്യകുമാർ ഗൗരവത്തോടെ രോഹിത്തിനോട് ചോദിച്ചു. ഇതുകേട്ടതും രോഹിത് ചിരിച്ചുകൊണ്ട് മറുപടി നൽകി: “നിനക്ക് ഭ്രാന്താണോ? (Are you crazy?)”. ടീമിന്റെ ഔദ്യോഗിക നായകനായ സൂര്യകുമാർ തന്നെ തീരുമാനമെടുക്കട്ടെ എന്ന സ്നേഹപൂർവ്വമുള്ള കളിയാക്കലായിരുന്നു രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
രോഹിത് ശർമ്മ നയിച്ചിരുന്ന മുംബൈ ഇന്ത്യൻസിലും ഇന്ത്യൻ ടീമിലും വർഷങ്ങളായി സൂര്യകുമാർ കളിക്കുന്നുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തോടെയാണ് ടോസ് വേളയിൽ പോലും സൂര്യകുമാർ തന്റെ ‘രോഹിത് ഭായിയോട്’ അഭിപ്രായം ചോദിച്ചത്. മത്സരത്തിന്റെ കടുത്ത സമ്മർദ്ദത്തിനിടയിലും ഇന്ത്യൻ താരങ്ങൾക്കിടയിലുള്ള ഒത്തൊരുമയും ആത്മബന്ധവുമാണ് ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി പുറത്തുവന്നത്.
ഇന്നലത്തെ ബാറ്റിംഗിൽ വിചാരിച്ച പ്രകടനം ഉണ്ടായില്ലെങ്കിലും പിന്നീട് ബോളിങ്ങിൽ ആ കുറവ് നികത്തിയുള്ള ആധിപത്യം പുലർത്തിയാണ് നീലപ്പട വാംഖഡെയിൽ വിജയക്കൊടി പാറിച്ചത്. ഒരു ഘട്ടത്തിൽ 77/6 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അതിമാനുഷിക ഇന്നിംഗ്‌സ് 161/9 എന്ന സ്കോറിലെത്തിക്കുകയായിരുന്നു. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. അതോടെ നിശ്ചിത ഓവറിൽ അവർക്ക് 132-8 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. ഇന്ത്യക്ക് 29 റൺസിന്റെ മികച്ച വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വമ്പൻ സ്കോർ പ്രതീക്ഷിച്ചാണ് വന്നത് എങ്കിലും അത് ഉണ്ടായില്ല. വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീഴുന്ന കാഴ്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാൽ വിക്കറ്റുകൾ വീണപ്പോൾ വാംഖഡെയുടെ രാജാവായി സൂര്യകുമാർ യാദവ് ഉദിച്ചുയർന്നു. 49 പന്തിൽ നിന്ന് പുറത്താകാതെ 84 റൺസ് നേടിയ സൂര്യയുടെ ഇന്നിംഗ്‌സാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.
View this post on Instagram












