മുഹമ്മദ് സിറാജിനെ സംബന്ധിച്ചിടത്തോളം 2026 ടി20 ലോകകപ്പ് ഒരു വൈകാരിക യാത്രയാണ്. ലോകകപ്പിനുള്ള പ്രാഥമിക ടീം പ്രഖ്യാപിച്ചപ്പോൾ സിറാജിന് ഇടമുണ്ടായിരുന്നില്ല. എന്നാൽ ഹർഷിത് റാണയ്ക്ക് പരിക്കേറ്റതും, പിന്നാലെ ജസ്പ്രീത് ബുംറയ്ക്ക് പനി ബാധിച്ചതും സിറാജിന്റെ വിധി മാറ്റിക്കുറിച്ചു. വാംഖഡെയിൽ അമേരിക്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി സിറാജ് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി.
ആദ്യ പരിശീലന മത്സരത്തിന് ശേഷം പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരക്കാരനായാണ് സിറാജ് സ്ക്വാഡിൽ എത്തിയത്. എങ്കിലും ബുംറയും അർഷ്ദീപും ഉള്ളതുകൊണ്ട് സിറാജ് ആദ്യ ഇലവനിൽ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ കടുത്ത വൈറൽ പനിയെത്തുടർന്ന് ജസ്പ്രീത് ബുംറ പുറത്തായതോടെ സിറാജിന് വഴി തെളിയുകയായിരുന്നു. ലഭിച്ച അവസരം സിറാജ് പാഴാക്കിയില്ല. 162 റൺസ് പിന്തുടർന്ന അമേരിക്കയുടെ മുൻനിരയെ സിറാജ് പിച്ചി ചീന്തി.
പവർ പ്ലേയിൽ തുടർച്ചയായ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തി സിറാജ് അമേരിക്കയെ പ്രതിരോധത്തിലാക്കി. ആകെ 29 റൺസ് വഴങ്ങിയ താരം 3 വിക്കറ്റുകൾ നേടി തിളങ്ങി. സ്ക്വാഡിൽ നിന്ന് പുറത്തായിട്ടും വിധി നിശ്ചയിച്ചതുപോലെ ടീമിലെത്തുകയും മത്സരത്തിലെ നിർണായക ശക്തിയാകുകയും ചെയ്ത സിറാജ് ഇനി തന്നെ എങ്ങനെ പുറത്താക്കും എന്ന ചോദ്യം മാനേജ്മെന്റിനോട് ചോദിക്കുന്നു. സിറാജിന്റെ പ്രകടനത്തെ ‘ഗോഡ്‌സ് പ്ലാൻ’ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. റിങ്കു സിംഗ് പലപ്പോഴും ഉപയോഗിക്കാറുള്ള ഈ പ്രയോഗം സിറാജിന്റെ കാര്യത്തിൽ അന്വർത്ഥമായിരിക്കുകയാണ്.












