ധാക്ക : ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ അന്തരിച്ചു. ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ആണ് സംഭവം നടന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിൽ മന്ത്രിയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം എന്നാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ അറിയിക്കുന്നത്.
ഫെബ്രുവരി 12 ന് ആണ് ബംഗ്ലാദേശിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. രമേശ് ചന്ദ്ര സെൻ ദിനാജ്പൂരിലെ ജില്ലാ ജയിലിൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. അവാമി ലീഗിന്റെ മുതിർന്ന നേതാവായിരുന്നു സെൻ. താക്കൂർഗാവ് -1 മണ്ഡലത്തിൽ നിന്നും അഞ്ച് തവണ എംപി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 2009 മുതൽ 2014 വരെ രാജ്യത്തിന്റെ ജലവിഭവ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹസീനയെ പുറത്താക്കിയ ശേഷം, 2024 ഓഗസ്റ്റിൽ ആണ് രമേശ് ചന്ദ്ര സെന്നിനെ ജയിലിൽ അടച്ചിരുന്നത്.








