മുംബൈയുടെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചു വളർന്ന, ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് ഹീറോയായിരുന്ന ഹർമീത് സിംഗിന് വാംഖഡെ സ്റ്റേഡിയം സ്വന്തം വീടുപോലെയാണ്. എന്നാൽ ഇത്തവണ ഹർമീത് എത്തിയത് അതിഥിയായല്ല, മറിച്ച് ഇന്ത്യയെ തോൽപ്പിക്കാൻ ഇറങ്ങിയ അമേരിക്കൻ പടയിലെ പ്രധാനിയായാണ്.
2017-ലെ ഒരു പുലർച്ചെ. മുംബൈയിലെ തിരക്കേറിയ അന്ധേരി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ ഒന്നടങ്കം ഞെട്ടി. ഒരു കാർ ഇതാ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറുന്നു. ട്രെയിൻ കാത്തുനിന്നവർ പരിഭ്രാന്തരായി ചിതറിയോടി. കാർ റെയിൽവേ ട്രാക്കിന് തൊട്ടടുത്ത് നിന്നു. ആഡംബര കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നിരുന്നത് മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ അന്നത്തെ വാഗ്ദാനമായിരുന്ന ഹർമീത് സിംഗ് ആയിരുന്നു. വഴിതെറ്റി പ്ലാറ്റ്‌ഫോമിലേക്ക് കയറിപ്പോയതാണെന്ന് താരം പറഞ്ഞെങ്കിലും പോലീസ് ഹർമീതിനെ അറസ്റ്റ് ചെയ്തു. ഈ സംഭവം അന്ന് വലിയ വാർത്തയായിരുന്നു.
അണ്ടർ-19 ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന ഹർമീത് ഐപിഎല്ലിലും തിളങ്ങിയിരുന്നു. എന്നാൽ 2013-ലെ ഒത്തുകളി വിവാദത്തിൽ ഹർമീതിന്റെ പേരും ഉയർന്നു കേട്ടു. പിന്നീട് പോലീസ് ക്ലീൻ ചിറ്റ് നൽകിയെങ്കിലും ആ സംഭവങ്ങൾ ഹർമീതിന്റെ ഇന്ത്യൻ ക്രിക്കറ്റ് കരിയറിന് മങ്ങലേൽപ്പിച്ചു. അവസരങ്ങൾ കുറഞ്ഞതോടെ താരം മുംബൈ വിടാൻ തീരുമാനിച്ചു. ക്രിക്കറ്റിൽ ഒരു പുതിയ ജീവിതം തേടി ഹർമീത് യുഎസിലേക്ക് ചേക്കേറി. അവിടെ കഠിനാധ്വാനം ചെയ്ത് അമേരിക്കൻ ദേശീയ ടീമിൽ ഇടംപിടിച്ചു. 2024-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഹർമീത് ഇന്ന് അമേരിക്കയുടെ വിശ്വസ്തനായ സ്പിന്നറാണ്.
വാംഖഡെയിൽ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഹർമീത് തന്റെ പഴയ ഫോം വീണ്ടെടുത്തു. 4 ഓവറിൽ വെറും 26 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ കരുത്തരായ ഹാർദിക് പാണ്ഡ്യയുടെയും അക്ഷർ പട്ടേലിന്റെയും വിക്കറ്റുകൾ ഹർമീത് പിഴുതു. ഇന്ത്യ പതറിയ ആ മധ്യ ഓവറുകളിൽ ഹർമീത് അമേരിക്കയുടെ നെടുംതൂണായി മാറി.











