റഷ്യ തങ്ങളുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ Su-57 Felon ഇന്ത്യക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത് നൽകാൻ ഒരുങ്ങുന്നു. ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുമായി സഹകരിച്ച്, പ്രാദേശിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ വാഗ്ദാനമാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്.
മുമ്പ് റഷ്യൻ വിമാനങ്ങൾ അതേപടി നൽകാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിൽ, പുതിയ നിർദ്ദേശപ്രകാരം ഇന്ത്യൻ പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി ഇന്ത്യയിൽ വെച്ചുതന്നെ വിമാനം നിർമ്മിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ നിർമ്മിത മിഷൻ കമ്പ്യൂട്ടറുകൾ, സോഫ്റ്റ്‌വെയർ റേഡിയോകൾ, സുരക്ഷിതമായ ഡാറ്റാ ലിങ്കുകൾ തുടങ്ങിയവ വിമാനത്തിൽ ഉൾപ്പെടുത്തും. ഇത് വിമാനത്തിന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പൂർണ്ണ നിയന്ത്രണം നൽകാൻ സഹായിക്കും.
റാഫേൽ വിമാനങ്ങൾ വാങ്ങിയത് പോലെ കുറച്ചു വിമാനങ്ങൾ നേരിട്ട് റഷ്യയിൽ നിന്ന് വാങ്ങുക. ചെറിയ മാറ്റങ്ങളോടെ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുക.ഇന്ത്യയുടെ ആവശ്യപ്രകാരം വിമാനത്തിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തി ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിക്കുക, എന്നീ ആലോചനകളാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്.
നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ Su-30MKI വിമാനങ്ങൾക്ക് പകരമായി സുപ്രധാന ദൗത്യങ്ങൾക്കായി Su-57 ഉപയോഗിക്കാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ത്യൻ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നത് വിമാനത്തിന്റെ നിർമ്മാണച്ചെലവ് വർദ്ധിപ്പിച്ചേക്കാം. മുൻപ് Su-30 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചപ്പോഴും സമാനമായ വിലവർദ്ധനവ് ഉണ്ടായിരുന്നു. എങ്കിലും, സാങ്കേതിക വിദ്യ കൈമാറുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കും.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകളിലും ഈ വിഷയം ഗൗരവമായി പരിഗണിച്ചിരുന്നു. വ്യോമസേനയുടെ ഭാവി കരുത്തുറ്റതാക്കാൻ ഈ പദ്ധതി നിർണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.








