പാക് അധീന ജമ്മു കശ്മീരിൽ (PoK) ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ജനരോഷം ആളിക്കത്തുന്നതിനിടെ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാൻ കടുത്ത ഡിജിറ്റൽ സെൻസർഷിപ്പുമായി പാകിസ്താൻ. മേഖലയിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭങ്ങളും അതിക്രമങ്ങളും സൈനിക അടിച്ചമർത്തലുകളും പുറംലോകം അറിയാതിരിക്കാൻ ഓൺലൈൻ വാർത്താ വെബ്‌സൈറ്റുകൾക്കും അന്താരാഷ്ട്ര മാധ്യമങ്ങൾക്കും പാക് സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക വാർത്താ പോർട്ടലുകൾക്ക് പുറമെ അൽ ജസീറ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര ചാനലുകളുടെ ഡിജിറ്റൽ സ്ട്രീമിംഗും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പാക് അധീന കശ്മീരിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വൻ തോതിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളുമാണ് അരങ്ങേറിയത്. റോഡുകൾ ഉപരോധിച്ചും വോട്ടെടുപ്പ് കേന്ദ്രങ്ങൾക്ക് മുന്നിൽ തടിച്ചുകൂടിയും ജനങ്ങൾ തെരുവിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും തടസ്സപ്പെട്ടു. തുടർച്ചയായ പ്രക്ഷോഭങ്ങളും പാക് സൈന്യത്തിന്റെ ക്രൂരമായ ആക്രമണങ്ങളും വൻ അക്രമങ്ങൾക്ക് വഴിമാറിയതോടെയാണ് വാർത്തകൾ പുറത്തുവരുന്നത് തടയാൻ ഇസ്ലാമാബാദ് ഭരണകൂടം ഇന്റർനെറ്റും വാർത്താ പോർട്ടലുകളും നിശ്ചലമാക്കാൻ തീരുമാനിച്ചത്.
ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് പുറമെ യൂട്യൂബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഭരണകൂടം കടുത്ത സെൻസർഷിപ്പാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകൾക്കും സർക്കാരിനെയും സൈന്യത്തെയും വിമർശിക്കുന്ന പ്രമുഖ മാധ്യമപ്രവർത്തകർക്കും വിലക്കേർപ്പെടുത്താൻ ഇസ്ലാമാബാദ് കോടതി ഉത്തരവിട്ടിരുന്നു. പാകിസ്താന്റെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (NCCIA) നിർദ്ദേശപ്രകാരം രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾക്കെതിരെ “പ്രകോപനപരമായ വിവരങ്ങൾ” പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് നടപടി. ഇതിനോടകം തന്നെ 27 പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബ് ചാനൽ പൂട്ടിടുമെന്ന മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളെ നേരത്തെ തന്നെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കിയ ഭരണകൂടം ജനങ്ങൾ പ്രതിഷേധമറിയിക്കാൻ ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയയെയും ഡിജിറ്റൽ മാധ്യമങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഡിജിറ്റൽ അവകാശ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.











