കൂടുതൽ സമയം തുടർച്ചയായി ഒരേയിടത്ത് ഇരിക്കുന്നത് ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് മുൻപും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ, ദീർഘനേരം ഒരേയിടത്ത് ഇരിക്കുന്ന ശീലം ഒഴിവാക്കുന്നത് കാൻസർ വരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഗവേഷകർ.
യുകെ ബയോബാങ്കിലെ 91,000-ത്തിലധികം ആളുകളിൽ നടത്തിയ വിപുലമായ പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
നമ്മൾ എത്ര സമയം ഇരിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെയുള്ള രീതിയിലാണ് നമ്മൾ ഇരിക്കുന്നത് എന്നതും. അതായത്, മണിക്കൂറുകളോളം ഒരേയിടത്ത് എഴുന്നേൽക്കാതെ ഇരിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ഇത് ശരീരത്തിൽ പലതരത്തിലുള്ള കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യാം.
എന്നാൽ ഈ നീണ്ട ഇരിപ്പുകൾക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കുകയോ, എഴുന്നേറ്റ് നടക്കുകയോ ചെയ്യുന്നത് വഴി ഈ അപകടസാധ്യത വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കും ഈ പഠനഫലം ഏറെ നിർണായകമാണ്.
കാൻസർ പ്രതിരോധിക്കാൻ ചില ലളിതമായ വഴികൾ
ഓരോ അരമണിക്കൂർ ഇരിപ്പിന് ശേഷവും അല്പസമയം എഴുന്നേറ്റ് നിൽക്കുകയോ കുറച്ചു ദൂരം നടക്കുകയോ ചെയ്യുക.
ഫോൺ കോളുകൾ വരുമ്പോൾ ഇരുന്ന് സംസാരിക്കുന്നതിന് പകരം നടന്നുകൊണ്ട് സംസാരിക്കാൻ ശീലിക്കുക.
ദീർഘനേരത്തെ ഇരിപ്പിനിടയിൽ കൈകാലുകൾ ഒന്ന് നീട്ടി നിവർത്തുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.
നമ്മുടെ ദൈനംദിന ജീവിതശൈലിയിൽ വരുത്തുന്ന ഇത്തരം ചെറിയ മാറ്റങ്ങൾക്ക് വലിയ രോഗങ്ങളെപ്പോലും തടഞ്ഞുനിർത്താൻ സാധിക്കുമെന്നാണ് ഈ പഠനം അടിവരയിടുന്നത്.












