പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ തുടർച്ചയായ പതനത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി മുൻ ഇതിഹാസ താരം മുഹമ്മദ് യൂസഫ്. ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ഞായറാഴ്ച വഴങ്ങിയ 61 റൺസിന്റെ പരാജയത്തിന് പിന്നാലെയാണ് ടീമിനുള്ളിലെ അച്ചടക്കമില്ലായ്മയെയും അഹങ്കാരത്തെയും കുറിച്ച് യൂസഫ് തുറന്നടിച്ചത്. 2021-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് പാക് താരങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നതെന്നും തങ്ങളെക്കാൾ വലിയവർ ആരുമില്ലെന്ന അഹങ്കാരം താരങ്ങളിൽ ഉടലെടുത്തതായും അദ്ദേഹം പറഞ്ഞു. ആ ഒരു വിജയത്തോടെ ടീമിലെ മുതിർന്നവർക്കും പരിശീലകർക്കും നൽകേണ്ട ബഹുമാനം ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“പരിശീലകൻ സംസാരിക്കുമ്പോൾ മൊബൈലിൽ നോക്കിയിരിക്കുകയോ മറ്റെവിടെയെങ്കിലും നോക്കി നിൽക്കുകയോ ചെയ്യുന്ന രീതിയിലേക്ക് കളിക്കാർ മാറി. ഇൻസമാം ഉൾ ഹഖിനെപ്പോലെയുള്ള വലിയ താരങ്ങൾ കാണിച്ച വിനയം ഇന്നത്തെ ടീമിനില്ല. ആ വിജയത്തിന് ശേഷം എല്ലാവരും അഹങ്കാരികളായി,” യൂസഫ് ഒരു പോഡ്‌കാസ്റ്റിൽ വ്യക്തമാക്കി. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു പാക് താരം ഷദാബ് ഖാന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. നിലവിലെ ടീമിനെ വിമർശിക്കുന്ന മുൻ താരങ്ങൾ ആരും തന്നെ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ലെന്നും തങ്ങൾ മാത്രമാണ് അത് ചെയ്തതെന്നുമായിരുന്നു ഷദാബിന്റെ പരിഹാസം. ഇത് യൂസഫ് ഉന്നയിച്ച അഹങ്കാരമെന്ന വാദത്തിന് അടിവരയിടുന്നതാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ബാബർ അസമിന്റെ ഫോം ഇടിവിനെക്കുറിച്ചും യൂസഫ് വെളിപ്പെടുത്തലുകൾ നടത്തി. മോശം ഫോമിനെത്തുടർന്ന് ബാബറിനെ ടീമിൽ നിന്ന് മാറ്റാൻ താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ബാബറിനെപ്പോലൊരു താരത്തെ എങ്ങനെ മാറ്റും എന്ന ചോദ്യമാണ് അധികാരികളിൽ നിന്ന് ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് ബാറ്റിംഗ് പരിശീലകനായിരുന്ന താൻ മൂന്ന് മാസത്തിനുള്ളിൽ രാജി വെച്ചതെന്നും യൂസഫ് പറഞ്ഞു. മൂന്ന് വർഷമായി ഫോം കണ്ടെത്താൻ കഴിയാത്ത ഒരാളെ മാറ്റാൻ മടിക്കുന്നത് കൊണ്ടാണ് പാക് ക്രിക്കറ്റ് ഇന്ന് ഈ അവസ്ഥയിൽ എത്തിയത്. ബാബർ അസമിന്റെ ബാറ്റിംഗ് ടെക്നിക്കുകൾ പാടെ തകർന്നുവെന്നും കൃത്യസമയത്ത് നടപടി എടുക്കാത്തത് ടീമിനെ വലിയ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017-ന് ശേഷം കളിച്ച മത്സരങ്ങളിൽ വെറും മൂന്ന് തവണ മാത്രമാണ് പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാനായത്.











