ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ തുടർച്ചയായി പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിറിന് കടുത്ത മറുപടിയുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിന് മുന്നോടിയായി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് ആമിറിനെ കടന്നാക്രമിച്ചത്.
ഇന്ത്യ സെമിയിലെത്തുമെന്ന് ആമിറിന് കൃത്യമായി അറിയാമായിരുന്നുവെന്ന് കൈഫ് പറഞ്ഞു. “ഇന്ത്യ സെമിയിലെത്തുമെന്ന് ആമിറിന് അറിയില്ലായിരുന്നോ? തീർച്ചയായും അറിയാമായിരുന്നു. പക്ഷേ ഇത്തരം കാര്യങ്ങൾ പറഞ്ഞാലേ അത് വാർത്തയാകൂ എന്ന് അവനറിയാം. നമ്മൾ അതിന് മറുപടി നൽകി അവരുടെ നിലവാരത്തിലേക്ക് താഴേണ്ടതില്ല,” കൈഫ് വ്യക്തമാക്കി. അഭിഷേക് ശർമ്മ വെറും ‘സ്ലോഗർ’ (അടിച്ചുതകർക്കുന്നവൻ) മാത്രമാണെന്നും ഇന്ത്യ സെമി കാണില്ലെന്നും നേരത്തെ ആമിർ പ്രവചിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കൈഫ് രംഗത്തെത്തിയത്
ആമിറിന്റെ ക്രിക്കറ്റ് മികവിനെയും കൈഫ് ചോദ്യം ചെയ്തു. 2024 ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരായ നിർണ്ണായക സൂപ്പർ ഓവറിൽ വൈഡുകൾ എറിഞ്ഞ് കളി തോൽപ്പിച്ചത് ആമിറാണെന്ന് കൈഫ് ഓർമ്മിപ്പിച്ചു. “അമേരിക്കൻ ടീമിനെപ്പോലും പേടിച്ച് കളി തോൽപ്പിച്ച ഒരു ബൗളറെ ഗൗരവമായി കാണേണ്ടതില്ല. ആ ഓവറിൽ പന്തുകൾ സ്റ്റമ്പിൽ പോലും കൊള്ളിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല,” കൈഫ് പരിഹസിച്ചു.
പാകിസ്താൻ ക്രിക്കറ്റ് സംസ്കാരത്തെയും നേതൃത്വത്തെയും കൈഫ് വിമർശിച്ചു. ഇന്ത്യയെക്കാൾ വർഷങ്ങൾ പിന്നിലാണ് പാകിസ്താൻ ക്രിക്കറ്റെന്നും അവർക്ക് നിലവിൽ നല്ല കളിക്കാരോ ക്യാപ്റ്റനോ ബൗളറോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ 8 ഘട്ടത്തിൽ പുറത്തായ പാകിസ്താൻ തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് സെമി കാണാതെ മടങ്ങുന്നത്. അവരുടെ പ്രശ്നങ്ങൾ മറ്റൊന്നാണെന്നും ഇന്ത്യൻ ടീമിന്റെ നിലവാരത്തിലേക്ക് എത്താൻ അവർക്ക് കഴിയില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.












