ലോകകപ്പ് സെമിഫൈനൽ എന്ന വമ്പൻ വേദി. എതിരാളികൾ കരുത്തരായ ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണറായി എത്തിയ സഞ്ജു സാംസൺ, വാംഖഡെ സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ഒരു അഗ്നിപർവ്വതമാക്കി മാറ്റി. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്സ് സ്കോർ ബോർഡിനേക്കാൾ ആരാധകരുടെ ഹൃദയത്തിലാണ് ഇടംപിടിച്ചത്.
ആദ്യ ഓവർ മുതൽ ഇംഗ്ലീഷ് പേസർമാരെ സഞ്ജു കടന്നാക്രമിച്ചു. ജോഫ്ര ആർച്ചറെയും സാം കറനെയും ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലേക്കും പറത്തിയ സഞ്ജു, പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. വെറും 26 പന്തിൽ നിന്നാണ് അദ്ദേഹം തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.
89 റൺസിൽ നിൽക്കുമ്പോൾ സഞ്ജുവിന് വേണമെങ്കിൽ സിംഗിളുകൾ എടുത്ത് തന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയിലേക്ക് നീങ്ങാമായിരുന്നു. എന്നാൽ, ആ നിർണ്ണായക ഘട്ടത്തിലും ടീം സ്കോർ പരമാവധി ഉയർത്താനാണ് അദ്ദേഹം ശ്രമിച്ചത്. സെഞ്ച്വറി മോഹങ്ങൾ മാറ്റിവെച്ച് വീണ്ടും സിക്സറിന് ശ്രമിക്കുന്നതിനിടെയാണ് സഞ്ജു പുറത്തായത്. വിൽ ജാക്‌സിന്റെ പന്തിൽ വലിയ ഷോട്ടിന് ശ്രമിക്കവെയാണ് സഞ്ജു മടങ്ങിയത്. വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ ഈ ‘സെൽഫ്ലെസ്’ മനോഭാവത്തെ കമന്റേറ്റർമാരും ആരാധകരും വാനോളം പുകഴ്ത്തി.
സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയതിന് പിന്നാലെയാണ് സെമിഫൈനലിലും സഞ്ജു ഇത്തരമൊരു മാസ്മരിക പ്രകടനം വന്നത്. അഭിഷേക് ശർമ്മ മറ്റൊരു നിരാശപ്പെടുത്തുന്ന പ്രകടനം നടത്തി മടങ്ങിയിട്ടും ആ സമ്മർദ്ദം ഇന്ത്യക്ക് നൽകാതെ സഞ്ജു കളിക്കുക ആയിരുന്നു.












