തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ ചർച്ചയാകുന്നതിനിടെ, നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ തന്നെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നുവെന്ന വാർത്തകൾ ശ്രീലേഖ ശരിവെച്ചു. ബിന്ദു മേനോൻ തന്നെ വിളിച്ചിരുന്നു എന്നത് വാസ്തവമാണെന്നും എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ അവർ പങ്കുവെച്ച കാര്യങ്ങൾ പരസ്യമായി വിവരിക്കുന്നത് ശരിയല്ലെന്നും ശ്രീലേഖ പറഞ്ഞു. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അതീവ ഗൗരവകരമായ വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സഹായം തേടി വിളിച്ച ബിന്ദുവിനോട് ഔദ്യോഗികമായി പോലീസിന്റെ സഹായം തേടാനാണ് താൻ നിർദ്ദേശിച്ചതെന്നും ശ്രീലേഖ വ്യക്തമാക്കി. ബിന്ദു മേനോൻ ഉന്നയിച്ച പരാതികൾ എന്താണെന്നോ, വിഷയത്തിന്റെ ഗൗരവമെന്നോ വെളിപ്പെടുത്താൻ ആർ ശ്രീലേഖ തയ്യാറായിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗണേഷ് കുമാറും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിലവിൽ മന്ത്രി പദവിയിലിരിക്കുന്ന ഗണേഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഈ പുതിയ വിവാദം രാഷ്ട്രീയമായി വലിയ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ട്.












