ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ‘സൺറൈസേഴ്സ് ലീഡ്സ്’ പാകിസ്താൻ ലെഗ് സ്പിന്നർ അബ്റാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ വലിയ വിവാദം പുകയുന്നു. കരാർ ഒപ്പിട്ട് മണിക്കൂറുകൾക്കുള്ളിൽ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടു. നിയമങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് എക്സ് വ്യക്തമാക്കുന്നുണ്ടെങ്കിലും, പാകിസ്താൻ താരത്തെ ടീമിലെടുത്തതിലുള്ള പ്രതിഷേധമാണോ ഇതിന് പിന്നിലെന്ന ചർച്ചകൾ സജീവമാണ്.
ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ലീഗിന്റെ താരലേലത്തിൽ ഏകദേശം 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) സൺറൈസേഴ്സ് ലീഡ്സ് അബ്റാറിനെ സ്വന്തമാക്കിയത്. ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ഉടമസ്ഥാവകാശമുള്ള വിദേശ ലീഗുകളിൽ സാധാരണയായി പാകിസ്താൻ താരങ്ങളെ ഉൾപ്പെടുത്താറില്ല എന്ന ‘അലിഖിത നിയമം’ ഇതോടെ തകർക്കപ്പെട്ടു. ലേലത്തിൽ പങ്കെടുത്ത നാല് ഐപിഎൽ അഫിലിയേറ്റഡ് ടീമുകളിൽ പാകിസ്താൻ താരത്തെ വാങ്ങിയ ഏക ടീമും സൺറൈസേഴ്സ് ആണ്.
2025-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ അതിർത്തി സംഘർഷങ്ങളുടെ (ഓപ്പറേഷൻ സിന്ദൂർ) സമയത്ത് അബ്റാർ അഹമ്മദ് പങ്കുവെച്ച ചില സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചത്. ഇന്ത്യൻ സൈന്യത്തെ പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ അബ്റാർ പങ്കുവെച്ചിരുന്നുവെന്ന് ആരോപിച്ചാണ് സൺറൈസേഴ്സ് ഉടമ കാവ്യ മാരനും ടീമിനുമെതിരെ സൈബർ ആക്രമണം നടക്കുന്നത്.
അബ്റാറിന്റെ സൈനിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടീമിന്റെ അക്കൗണ്ട് അപ്രത്യക്ഷമായത്. 2025-ലെ സംഘർഷത്തെത്തുടർന്ന് പാകിസ്താൻ ബന്ധമുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ സൺറൈസേഴ്സ് ലീഡ്സിന്റെ അക്കൗണ്ട് പൂട്ടിയത് ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശപ്രകാരമാണോ അതോ കൂട്ടത്തോടെയുള്ള റിപ്പോർട്ടിംഗ് കാരണമാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.












