കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൂചന. ഉന്നതബന്ധങ്ങളുള്ള നിസാമിന് കടുത്തശിക്ഷ കിട്ടാനിടയില്ലെന്ന നിഗമനത്തിലാണ് നേരിട്ടുള്ള നടപടിയുമായി മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നതെന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച സൂചനകള്‍.
അറബ് രാജ്യങ്ങളിലും മറ്റും നടപ്പിലാക്കുന്ന ജനകീയ വിചാരണയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കൊല്ലപ്പെട്ട ചന്ദ്രബോസിനോടുള്ള ജനങ്ങളുടെ സഹതാപ തരംഗവും നിസാമിനോടുള്ള കടുത്ത അമര്‍ഷവും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണ് ലക്ഷ്യം. ജയിലില്‍ കഴിയുന്ന നിസാമിനെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴോ മറ്റോ ആക്രമമം നടത്താനാണ് പദ്ധതി. എന്നാല്‍ ശക്തമായ കാവലുള്ള പ്രതിയെ മാവോയിസ്റ്റുകള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റലിജന്റ്സ് ബ്യൂറോ മുന്നറിയിപ്പ് നല്കുന്നു.
നിസാമിനെ നേരിട്ട് കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലും തമിഴ്നാട്ടിലും ഗള്‍ഫിലുമായി പരന്നുകിടക്കുന്ന ഇയാളുടെ ബിസിനസ് സ്ഥാപനങ്ങളെ തകര്‍ക്കാനും ലക്ഷ്യമുണ്ട്. സെക്യൂരിറ്റിക്കാരനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശോഭസിറ്റിയിലെ വില്ലയ്ക്കും അന്തിക്കാട്ടെ തറവാടുവീടിനും ഭീഷണിയുണ്ട്.
5000 കോടിയുടെ ആസ്തിയുള്ള നിസാമിന്റെ പൊലീസ് ബന്ധങ്ങളും വഴിവിട്ട ധനസമ്പാദന മാര്‍ഗങ്ങളും പരിശോധിക്കണമെന്ന് മുമ്പുതന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. നിസാമിനെതിരെ സാധാരണക്കാര്‍ക്കിടയിലും സോഷ്യല്‍ മീഡിയകളിലും പടരുന്ന രോഷപ്രകടനത്തെ മുന്‍നിര്‍ത്തിയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് കരുതുന്നു.
Discussion about this post