ടെഹ്റാൻ : ഹോർമുസ് കടലിടുക്കിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം. ഇറാന്റെ തെക്കൻ തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ ആണ് യുഎസ്-ഇസ്രായേൽ സംയുക്ത സേന മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ റെവല്യൂഷണറി ഗാർഡ്‌സിന്റെ മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആക്രമണത്തിൽ പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച രാത്രി വൈകിയാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഈ തുറമുഖ നഗരത്തെ ലക്ഷ്യമാക്കി ആക്രമണം ഉണ്ടായത്. ബന്ദർ അബ്ബാസിലെ കപ്പൽശാലകളും സൈനിക താവളങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ഇവിടുത്തെ പ്രധാന ചരക്ക് കപ്പലുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി.








