ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ നിർണ്ണായകമായ ‘ആർട്ടെമിസ് 2’ ദൗത്യം വിക്ഷേപണത്തിനൊരുങ്ങുന്നു. വിക്ഷേപണത്തിന് മുന്നോടിയായി നേരിട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതായും നാല് ബഹിരാകാശ യാത്രികരും പേടകത്തിനുള്ളിൽ പ്രവേശിച്ചതായും നാസ അറിയിച്ചു. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യരെ വഹിക്കുന്ന ഒരു പേടകം നീണ്ട 54 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. എന്നാൽ 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങൾ ചന്ദ്രനിൽ ഇറങ്ങില്ല. പേടകത്തിന്റെ ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രന് ചുറ്റും പേടകത്തിൽ അതിവേഗം കറങ്ങും. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിത, യുഎസ് പൗരനല്ലാത്ത ആദ്യ സഞ്ചാരി തുടങ്ങിയ പ്രത്യേകതകൾ ഉള്ളതാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന നാലംഗ അന്താരാഷ്ട്ര സംഘം.
കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനകൾക്കിടെ ചില സാങ്കേതിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വിദഗ്ധ സംഘം അവ വിജയകരമായി പരിഹരിച്ചു.
ആർട്ടെമിസ് 2 വിജയിക്കുന്നതോടെ, മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിലേക്ക് നാസ കടക്കും.
ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികൾ അതീവ ആകാംക്ഷയോടെയാണ് ഈ വിക്ഷേപണത്തെ ഉറ്റുനോക്കുന്നത്. നിലവിൽ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ നിശ്ചയിച്ച സമയത്ത് തന്നെ വിക്ഷേപണം നടക്കുമെന്ന് നാസ വൃത്തങ്ങൾ സൂചിപ്പിച്ചു.











