കോഴിക്കോട് : പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെ തുടർച്ചയായി വ്യക്തിഹത്യ നടത്തുന്നുവെന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും ഇരുവരും നേർക്കുനേർ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണം. അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് അൻവർ നടത്തുന്നത് എന്നാണ് മുഹമ്മദ് റിയാസ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെയും തന്റെയും കുടുംബാംഗങ്ങളെ ബോധപൂർവം അപമാനിക്കാൻ അൻവർ ശ്രമിക്കുന്നു. ഇത് ക്രിമിനൽ സ്വഭാവമുള്ള കുപ്രചാരണം ആണ് എന്നും റിയാസ് കുറ്റപ്പെടുത്തി. ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റിയാസിനെതിരെ യുഡിഎഫ് സ്വതന്ത്രനായാണ് അൻവർ മത്സരിക്കുന്നത്.
അതേസമയം താൻ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ കുടുംബം നടത്തുന്ന അഴിമതികളും ‘പിണറായിസവും’ തുറന്നുകാട്ടുകയാണ് തന്റെ ലക്ഷ്യമെന്നും അൻവർ തിരിച്ചടിച്ചു. ‘മരുമോനിസത്തിനും പിണറായിസത്തിനും എതിരെയുള്ള പോരാട്ടമാണ്’ തന്റെ യാത്രയെന്നും പി വി അൻവർ വ്യക്തമാക്കി.










