വാഷിംഗ്ടൺ : ബുധനാഴ്ചയ്ക്കകം സമാധാന കരാർ ഒപ്പുവച്ചില്ലെങ്കിൽ ഇറാനിൽ വീണ്ടും ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനത്ത ബോംബാക്രമണം ഉണ്ടാകും എന്നാണ് ഇറാനെതിരെ ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ പവർ പ്ലാന്റുകളും എണ്ണ പശ്ചാത്തല സൗകര്യങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 22 ബുധനാഴ്ചയ്ക്കകം ഒരു ‘സ്ഥിരമായ സമാധാന കരാർ’ ഒപ്പിടണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നെങ്കിലും, മേഖലയിലെ യുഎസ് നാവിക ഉപരോധം തൽക്കാലം നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നിരുന്നാലും, സ്ഥിതിഗതികൾ എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇതിൽ പോലും മാറ്റം വരാമെന്ന് അദ്ദേഹം സൂചന നൽകി. ഇറാൻ അവരുടെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാൻ സമ്മതിച്ചതായി ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ടെഹ്‌റാൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരാർ നടന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ, പെട്രോകെമിക്കൽ പ്ലാന്റുകൾ എന്നിവ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം നടത്താൻ യുഎസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രംപിന്റെ പുതിയ നീക്കം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ മറ്റൊരു വലിയ യുദ്ധമുണ്ടാകുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) മുന്നറിയിപ്പ് നൽകി.








