ജമ്മു കശ്മീരിൽ 30 വർഷം മുൻപ് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന വിഘടനവാദി നേതാവ് ഷബീർ ഷായെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) .1996 ജൂലൈ 17-ന് ശ്രീനഗറിലെ ഷെർഗാരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ഷബീർ ഷായെ മൂന്ന് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡിൽ ജമ്മുവിലേക്ക് കൊണ്ടുപോകാൻ എൻഐഎയ്ക്ക് കോടതി അനുമതി നൽകി. ഏപ്രിൽ 20-ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഷായെ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കാനാണ് പ്രത്യേക ജഡ്ജി പ്രശാന്ത് ശർമ്മ ഉത്തരവിട്ടിരിക്കുന്നത്. വിവിധ കേസുകളിലായി ഏകദേശം 39 വർഷത്തോളം തടവിലും വീട്ടുതടങ്കലിലും കഴിഞ്ഞ ഷബീർ ഷായ്ക്ക് മറ്റ് രണ്ട് കേസുകളിൽ സുപ്രീം കോടതിയും എൻഐഎ കോടതിയും ഈ മാസം ആദ്യം ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴയ കേസ് വീണ്ടും സജീവമാക്കി എൻഐഎയുടെ നീക്കം.
1996-ൽ കൊല്ലപ്പെട്ട തീവ്രവാദി ഹിലാൽ അഹമ്മദ് ബീഗിന്റെ വിലാപയാത്രയ്ക്കിടെ ഷബീർ ഷാ ഉൾപ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം അക്രമാസക്തമായെന്നാണ് കേസ്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതായി എൻഐഎ കോടതിയെ അറിയിച്ചു. വിലാപയാത്രയ്ക്കിടെ ചില ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായും എൻഐഎ ആരോപിക്കുന്നു. ഈ കേസിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഷായെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഏജൻസി വാദിച്ചു. എന്നാൽ എൻഐഎയുടെ നീക്കത്തെ ഷബീർ ഷായുടെ അഭിഭാഷകർ ശക്തമായി എതിർത്തു. 2017-ലെ ടെറർ ഫണ്ടിംഗ് കേസിൽ എൻഐഎ ഇതേ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതാണെന്നും ഒരേ കുറ്റത്തിന് പലതവണ അന്വേഷണം നേരിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. 1996-ലെ എഫ്‌ഐആർ ഈ മാസം ഒന്നാം തീയതിയാണ് എൻഐഎ പുനർരജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച ജമ്മു കോടതിയിൽ ഹാജരാക്കുന്ന ഷബീർ ഷായെ ചോദ്യം ചെയ്യാനായി വിട്ടു കിട്ടാൻ എൻഐഎ അപേക്ഷ നൽകും.







