ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു സംസാരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി. ഖത്തറിലെ പ്രമുഖ പ്രകൃതിവാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയെ വിളിച്ചത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഖത്തറും പങ്കുചേരുന്നതായി അമീർ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണ്ണായകമായ ഫോൺ സംഭാഷണം.
ഖത്തർ അമീറിന്റെ ഫോൺ കോളിനും അനുശോചനത്തിനും നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ ഒരു കുറിപ്പ് പങ്കുവെച്ചു. ”ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ദരുണമായ അപകടത്തിൽ ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടതിൽ അനുശോചനം അറിയിച്ച ഖത്തർ അമീറിന് നന്ദി രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ ഇരുവരും പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇന്ത്യയും ഖത്തറും എന്നും പ്രതിജ്ഞാബദ്ധരായിരിക്കും,” എന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഞായറാഴ്ച രാത്രി വൈകിയാണ് ദോഹയ്ക്ക് വടക്കുള്ള റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ‘ബർസാൻ’ ഗ്യാസ് വിതരണ പ്ലാന്റിൽ വൻ സ്ഫോടനവും തുടർന്ന് തീപിടുത്തവുമുണ്ടായത്. 2025 ഡിസംബർ മുതൽ വിപുലമായ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായത്. സ്ഫോടനത്തിൽ ആകെ 13 പേർ മരണപ്പെട്ടു. ഇതിൽ 12 പേരും ഇന്ത്യൻ പൗരന്മാരാണ്. ഒരാൾ പാകിസ്താൻ സ്വദേശിയാണ്.










