കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഫാൽത്ത നിയമസഭാ സീറ്റിൽ വ്യാപക ക്രമക്കേട് നടന്നതായി ബിജെപിയുടെ ആരോപണം. വോട്ടിംഗ് മെഷീനുകളിൽ ബിജെപിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ച് വോട്ടുകൾ തടഞ്ഞുവെന്നാണ് ബിജെപി ആരോപിക്കുന്നത്. മണ്ഡലത്തിൽ ഉടൻ റീപോളിംഗ് നടത്തണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
വോട്ടർമാരെ സ്വാധീനിക്കാൻ ഭരണകക്ഷി ശ്രമിച്ചതായും ബിജെപി ആരോപിച്ചു. ബിജെപി ബംഗാൾ കോ-ഇൻചാർജ് അമിത് മാളവ്യയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഫാൽത്തയിലെ പല ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ചതായി അദ്ദേഹം സൂചിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് മുൻപും നടപ്പിലാക്കിയിട്ടുള്ള ‘ഡയമണ്ട് ഹാർബർ മോഡൽ’ അട്ടിമറിയാണ് ഇവിടെയും നടന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ക്രമക്കേട് നടന്ന എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് റദ്ദാക്കി ഉടൻ പുനർവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി. ഇവിഎം ബട്ടണുകളിൽ ടേപ്പ് ഒട്ടിച്ചുവെന്ന പരാതി ലഭിച്ച ബൂത്തുകളിൽ ഉടൻ പരിശോധന നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ ആ ബൂത്തുകളിൽ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കുമെന്നും അവിടെ പുനർവോട്ടെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.










