കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്. കണ്ണൂർ പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ പേരിൽ വിഷ്ണുപൂജ നടക്കുന്നത്. ‘പിണറായി വിജയൻ, ചോതി നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് ചീട്ട് ബുക്ക് ചെയ്തിരിക്കുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ പ്രശസ്തമായ ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് വഴിപാട് ബുക്ക് ചെയ്തതെങ്കിലും വോട്ടെണ്ണൽ ദിനമായ ഇന്ന് രാവിലെയാണ് പൂജ നടക്കുന്നത്. 250 രൂപയുടെ വഴിപാട് ചീട്ടിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധം പുലർത്തുന്ന ഒരു ഭക്തനാണ് മുഖ്യമന്ത്രിയുടെ പേരിൽ ഈ വഴിപാട് കഴിപ്പിക്കുന്നത്. കടുത്ത ഈശ്വരവിശ്വാസിയായ ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഭരണത്തുടർച്ചയ്ക്കും വ്യക്തിപരമായ ക്ഷേമത്തിനുമായാണ് പൂജ നടത്തുന്നതെന്നാണ് വിവരം. കനത്ത പോരാട്ടം നടക്കുന്ന വോട്ടെണ്ണൽ ദിനത്തിൽ ഇത്തരമൊരു വാർത്ത പുറത്തുവന്നത് രാഷ്ട്രീയ വൃത്തങ്ങളിലും കൗതുകമുണർത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ വോട്ടെണ്ണൽ നടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കളമശ്ശേരിയിൽ സ്ട്രോങ്ങ് റൂം താക്കോൽ കാണാതായത് ഉൾപ്പെടെയുള്ള നാടകീയ സംഭവങ്ങൾ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചിമ ബംഗാൾ, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.











