ഭാരതീയ രാഷ്ട്രീയത്തിലെ അതിനിർണ്ണായകമായ പോരാട്ടത്തിൽ പശ്ചിമ ബംഗാൾ ഇനി കാവിയണിയും. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപി ബംഗാളിൽ അധികാരം പിടിച്ചടക്കി. 200 സീറ്റുകളോട് അടുത്ത പ്രകടനവുമായി ചരിത്രവിജയത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. 15 വർഷം നീണ്ട തൃണമൂലിന്റെ ആധിപത്യത്തിനാണ് ഇതോടെ അന്ത്യമായത്. കഴിഞ്ഞ നവംബറിൽ ബീഹാർ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഗംഗാ പ്രവാഹം’ എന്ന പ്രവചനം അന്വർത്ഥമാകുന്ന കാഴ്ചയാണിപ്പോൾ.
ബീഹാറിൽ നിന്ന് ഗംഗ ബംഗാളിലേക്ക് ഒഴുകുന്നത് പോലെ വികസനത്തിന്റെയും ദേശീയതയുടെയും രാഷ്ട്രീയം ബംഗാളിലുമെത്തുമെന്ന മോദിയുടെ വാക്കുകൾ ജനങ്ങൾ ഹൃദയത്തിലേറ്റുകയായിരുന്നു. സങ്കുചിത പ്രാദേശിക രാഷ്ട്രീയത്തിനും പ്രീണനത്തിനുമെതിരെ ബംഗാൾ ജനത നൽകിയ ശക്തമായ താക്കീതായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്. വടക്കൻ ബംഗാളിലെ ഉരുക്കുകോട്ടകൾ നിലനിർത്തിയതിനൊപ്പം തൃണമൂലിന്റെ ഉറച്ച കേന്ദ്രങ്ങളിൽ പോലും വിള്ളലുണ്ടാക്കാൻ ബിജെപിയുടെ കരുത്തുറ്റ സംഘടന സംവിധാനത്തിന് സാധിച്ചു.
ബംഗാളിന്റെ സാംസ്കാരിക പൈതൃകവും ദേശീയ ചിന്താഗതിയും തിരിച്ചുപിടിക്കുമെന്ന ബിജെപിയുടെ വാഗ്ദാനത്തിന് ലഭിച്ച ഈ അംഗീകാരം വരും നാളുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ‘ജയ് ശ്രീറാം’ വിളികളുമായി ബിജെപി പ്രവർത്തകർ തെരുവുകളിൽ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. വിഘടനവാദത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി കൈവരിച്ച ഈ വിജയം കിഴക്കൻ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായമാണ്.










