കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിലും വ്യക്തിപൂജാ വിവാദങ്ങളിലും കടുത്ത മുന്നറിയിപ്പുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പിണറായി വിജയന് വ്യക്തിപൂജ നടത്തി കേരള സമൂഹം ഒരു വലിയ ദുരന്തം കണ്ടതാണെന്നും ആ സാഹചര്യം കോൺഗ്രസിൽ ആവർത്തിക്കരുതെന്നും അദ്ദേഹംപറഞ്ഞു. പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങൾ അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും തെരുവിലെ കളി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട നേതാക്കൾ അടിയന്തരമായി തയ്യാറാകണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന സമീപനമാണ് ചിലർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
വ്യക്തികളല്ല, സംഘടനയാണ് വലുതെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു ഉണ്ണിത്താന്റെ വാക്കുകൾ. “കാരണഭൂതൻ എന്നും ക്യാപ്റ്റൻ എന്നും വിളിച്ച് പിണറായി വിജയന് വേണ്ടി ആയിരക്കണക്കിന് ആളുകൾ തിരുവാതിര കളിക്കുന്നത് നമ്മൾ കണ്ടതാണ്. അതിന്റെ പരിണതഫലം എന്താണെന്ന് കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്നു. അത്തരമൊരു വ്യക്തിപൂജ കോൺഗ്രസിന് ചേർന്നതല്ല. കോൺഗ്രസ് സംഘടനയ്ക്കകത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ഇത്തരം തെരുവിലെ പ്രകടനങ്ങൾ അവസാനിപ്പിക്കണം” – ഉണ്ണിത്താൻ പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാം, അദ്ദേഹം യുഡിഎഫിനെ നയിച്ച ആളാണ്. അതുപോലെ തന്നെ രമേശ് ചെന്നിത്തലയ്ക്കും ആ പദവിക്ക് എല്ലാ അർഹതയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ തെരുവിലേക്ക് എത്തിയതിലാണ് എംപി തന്റെ പ്രതിഷേധം അറിയിച്ചത്. പാർട്ടി പ്രവർത്തകർ നേതാക്കൾക്ക് വേണ്ടി ചേരിതിരിഞ്ഞ് പോരടിക്കുന്നത് സംഘടനയെ തകർക്കും. പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി വിളിച്ചു പറയുന്നതും പോസ്റ്ററുകൾ ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ല. അച്ചടക്കമില്ലാത്ത പ്രവർത്തനം തുടർന്നാൽ അത് വലിയ വില നൽകേണ്ടി വരുമെന്നും, നേതാക്കൾ ഉടൻ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് ഇത്തരം ആഭ്യന്തര കലഹങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.











