കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നടക്കുന്ന വടംവലിയിൽ രൂക്ഷമായ പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആദിത്യ ജക്കി എന്ന ഉപയോക്താവ് എക്സിൽ (X) പങ്കുവെച്ച ഒരു കുറിപ്പിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ കെ.സി. വേണുഗോപാലിനെ ട്രോൾ ചെയ്തത്.
“കേരള ബിജെപിയും ദേശീയ ബിജെപിയും തമ്മിൽ രസകരമായ ഒരു മത്സരമാണ് നടക്കുന്നത്. കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുന്നു, എന്നാൽ അദ്ദേഹം ഡൽഹിയിൽ വേണമെന്ന് ദേശീയ ബിജെപി ആഗ്രഹിക്കുന്നു” – എന്നായിരുന്നു ആദിത്യ ജക്കിയുടെ പോസ്റ്റ്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ കുറിച്ചത് ഇങ്ങനെ: “ഇത് സത്യമാണെന്നും അല്ലായെന്നും തൽക്കാലം സ്ഥിരീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.”
കെ.സി. വേണുഗോപാൽ കേരളത്തിൽ സജീവമായാൽ അത് ബിജെപിക്ക് ഗുണകരമാകുമെന്ന പരോക്ഷ സൂചനയാണ് ഈ ട്രോളിന് പിന്നിലുള്ളതെന്ന് കരുതുന്നു. കെ.സി. വേണുഗോപാൽ കേരളത്തിൽ മുഖ്യമന്ത്രിയായാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് രൂക്ഷമാകുമെന്നും അത് ബിജെപിക്ക് വഴിതുറക്കുമെന്നുമാണ് കേരള ബിജെപി കരുതുന്നത്.
ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ വലംകൈ ആയി കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരുന്നത് കോൺഗ്രസിനെ ദുർബലപ്പെടുത്താൻ സഹായിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. യുഡിഎഫ് വിജയിച്ചിട്ടും ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത കോൺഗ്രസിന്റെ അവസ്ഥയെ ബിജെപി ദേശീയ-സംസ്ഥാന നേതാക്കൾ ഒരുപോലെ പരിഹസിക്കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.












