ജയ്പൂർ : രാജസ്ഥാൻ സന്ദർശനത്തിനിടെ പാകിസ്താന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ, “ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും” എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഒരു സാഹചര്യത്തിലും ഭീകരതയെ ഇന്ത്യ അനുവദിക്കില്ലെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് ജയ്പൂരിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി അറിയിച്ചു.
‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്ഥാനുള്ള വ്യക്തമായ സന്ദേശമായിരുന്നുവെന്ന് രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു. ഭീകരർ ഇന്ത്യക്കാരെ ആക്രമിച്ചാൽ, ശത്രുവിന്റെ വീട്ടിൽ കയറി തിരിച്ചടിക്കുമെന്നും അതിൽ അതിരുകൾ തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇനി നിശബ്ദത പാലിക്കുന്ന ഒരു രാജ്യമല്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ശത്രുവിന്റെ വീട്ടിൽ കയറി ആക്രമണങ്ങളെ നേരിടും, ഒരു അതിർത്തിക്കും നമ്മെ തടയാൻ കഴിയില്ല എന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രതിരോധ നയം പൂർണ്ണമായും മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു. “ഇന്ത്യ ആരെയും ആദ്യം പോയി ഉപദ്രവിക്കില്ല. എന്നാൽ ആരെങ്കിലും ഇന്ത്യയെ പ്രകോപിപ്പിക്കാൻ വന്നാൽ അവരെ വെറുതെ വിടുകയുമില്ല. ഇന്ത്യ ഇപ്പോൾ വെറുതെയിരുന്ന് സഹിക്കുന്ന രാജ്യമല്ല. പ്രത്യാക്രമണത്തിന് ഇന്ത്യക്ക് ലോകോത്തരമായ സൈനിക ശേഷിയുണ്ട്,” എന്നും പ്രതിരോധ മന്ത്രി അറിയിച്ചു.









