ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇനി ഡൽഹി ഹൈക്കോടതി ജസ്റ്റിസ് മനോജ് ജെയിൻ വാദം കേൾക്കും. ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ സമർപ്പിച്ച ഹർജി ആണ് ജസ്റ്റിസ് മനോജ് ജെയിൻ കേൾക്കുക. നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ വാദം കേൾക്കലയിൽ നിന്നും പിന്മാറിയതോടെയാണ് പുതിയ തീരുമാനം.
ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരാണെന്നും അതിനാൽ കേസിൽ പക്ഷപാതമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാണിച്ച് കെജ്‌രിവാളും കൂട്ടരും ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് തള്ളി. ഇതിൽ പ്രതിഷേധിച്ച് തങ്ങൾ ഈ ബെഞ്ചിന്റെ വാദം കേൾക്കൽ ബഹിഷ്‌കരിക്കുകയാണെന്ന് കെജ്‌രിവാളും സിസോദിയയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും കോടതിയുടെ പ്രതിച്ഛായയെ മോശമാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത വീഡിയോകളും പ്രസ്താവനകളും പ്രചരിപ്പിച്ചതിന് കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, സൗരഭ് ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള എ.എ.പി നേതാക്കൾക്കെതിരെ ജസ്റ്റിസ് ശർമ്മ ക്രിമിനൽ കോടതിലക്ഷ്യ നടപടികൾ ആരംഭിച്ചു. ഈ നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെ, കേസ് പുനഃക്രമീകരിക്കാനായി ജസ്റ്റിസ് ശർമ്മ ചീഫ് ജസ്റ്റിസിന് ഫയൽ കൈമാറുകയായിരുന്നു. തുടർന്നാണ് കേസ് ജസ്റ്റിസ് മനോജ് ജെയിന്റെ ബെഞ്ചിലേക്ക് മാറ്റിയത്.









