കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്റെ സത്യപ്രതിജ്ഞയും, അതിന് പിന്നാലെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന ജാതിവിരുദ്ധ വിമർശനങ്ങളും. ‘വടശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന് മുഴുവൻ പേരും ജാതിവാലും ചേർത്ത് സതീശൻ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരോക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ.
സതീശന്റെ സത്യപ്രതിജ്ഞ വിവാദമായതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ തന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ കൃത്യമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. സ്വന്തം മതവും കുടുംബപ്പേരും വലിച്ചിഴച്ച് പേര് വലുതാക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കുറിച്ചു. “തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ. അതുമതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം…” – ജിന്റോ ജോൺ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
വി.ഡി. സതീശന്റെ ഈ നീക്കം ആർ.എസ്.എസ് – സംഘപരിവാർ ശക്തികളെയും മുന്നോക്ക സമുദായങ്ങളെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണെന്നാണ് ഇടതുപക്ഷ അനുകൂലികളും ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളും ആരോപിക്കുന്നത്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജാതിവാൽ പരസ്യമായി പ്രഖ്യാപിച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നത്.
എന്നാൽ, ഒരാൾ തന്റെ ഔദ്യോഗിക രേഖകളിലുള്ള മുഴുവൻ പേര് സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്നാണ് സതീശനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. അത് കേവലം ഒരു പേര് മാത്രമാണെന്നും അതിൽ വർഗീയതയോ ജാതി രാഷ്ട്രീയമോ കാണേണ്ടതില്ലെന്നും അവർ വാദിക്കുന്നു.











