തിരുവനന്തപുരം ജില്ലയിൽ സിപിഎമ്മിൽ വൻ പൊട്ടിത്തെറി. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ വി. ശിവൻകുട്ടിക്കെതിരെ പരസ്യ നിലപാടുമായി മുൻ മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നിൽ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ആര്യ രാജേന്ദ്രൻ തുറന്നടിച്ചു. വി. ശിവൻകുട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നയിച്ച കാര്യങ്ങൾ തീർത്തും തെറ്റാണെന്നും അദ്ദേഹം അത് തിരുത്താൻ തയ്യാറാകണമെന്നും ആര്യ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കൾ പാർട്ടിയിലെ പുതുതലമുറയോടും പുതിയ ആളുകളോടും ഇത്തരത്തിലാണ് പെരുമാറുന്നതെങ്കിൽ തങ്ങൾ എന്ത് ചെയ്യുമെന്ന ഗുരുതരമായ ചോദ്യവും ആര്യ രാജേന്ദ്രൻ ഉയർത്തിയിട്ടുണ്ട്. തെറ്റായ പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിൽ വി. ശിവൻകുട്ടി തന്നെ ഇതിൽ മാധ്യമങ്ങളോട് വിശദീകരണം നൽകണമെന്നും ആര്യ രാജേന്ദ്രൻ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തോൽവിയും വോട്ട് ചോർച്ചയും ചർച്ച ചെയ്യാൻ ചേർന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആര്യ രാജേന്ദ്രനെതിരെ വി. ശിവൻകുട്ടി രൂക്ഷവിമർശനം ഉന്നയിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആര്യ രാജേന്ദ്രൻ ഇറങ്ങിയത് പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നും വോട്ട് കുറയാൻ കാരണമായെന്നുമാണ് ശിവൻകുട്ടി യോഗത്തിൽ കുറ്റപ്പെടുത്തിയത്. പ്രചാരണ സമയത്ത് ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ വലിയ രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചുവെന്നും കാറിത്തുപ്പുന്നതിന് സമാനമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും ശിവൻകുട്ടി തുറന്നടിച്ചു. ചുരുങ്ങിയത് 1400 വോട്ടിന്റെയെങ്കിലും ലീഡ് പാർട്ടി ഉറച്ചുപ്രതീക്ഷിച്ചിരുന്ന ഒരു പ്രത്യേക ബൂത്തിൽ, ആര്യയുടെ പ്രചാരണത്തിന് ശേഷം വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് പാർട്ടിക്ക് ലഭിച്ചതെന്നും ശിവൻകുട്ടി കണക്കുകൾ നിരത്തി വിമർശിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തുണ്ടായ വിവാദങ്ങളും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കവുമെല്ലാം ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയെന്നും ഇതാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നുമാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. എന്നാൽ പാർട്ടി വേദികളിൽ ഉയർന്ന ഈ കടുത്ത വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ആര്യ രാജേന്ദ്രൻ കടുത്ത അമർഷത്തിലാണ്. തന്നെ മനഃപൂർവ്വം ലക്ഷ്യമിട്ട് വേട്ടയാടാനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നതെന്നാണ് ആര്യയുടെ ആക്ഷേപം












