ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയും തർക്കങ്ങളും വീണ്ടും പരസ്യ തെരുവ് യുദ്ധത്തിലേക്ക്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി കായംകുളം മുൻ എംഎൽഎ യു. പ്രതിഭ രംഗത്തെത്തി. “എവിടെ നിന്നാലും ജയിക്കാൻ ജി. സുധാകരൻ എന്താ കുട്ടിച്ചാത്തനാണോ?” എന്നായിരുന്നു യു. പ്രതിഭയുടെ പരിഹാസം നിറഞ്ഞ ചോദ്യം. കൂടുതൽ കാര്യങ്ങൾ തന്നെയൊണ്ട് പറയിപ്പിക്കരുതെന്നും ഒട്ടേറെ കാര്യങ്ങൾ തുറന്നുപറയാനുണ്ടെന്നും പ്രതിഭ ആഞ്ഞടിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് തനിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം ബോധപൂർവ്വം വോട്ട് മറിക്കാൻ ശ്രമിച്ചെന്ന ആരോപണം യു. പ്രതിഭ മുൻപും ഉയർത്തിയിരുന്നു. ഇതിന് പിന്നിൽ ജി. സുധാകരന്റെ അനുയായികളാണെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെയാണ് ഇപ്പോൾ പരസ്യമായ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ആലപ്പുഴയിലെ ഈ തർക്കങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പരസ്പരം ചെളിവാരിയെറിയുന്നത് അണികൾക്കിടയിലും കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കാൻ ഇരുവിഭാഗവും ശ്രമിക്കുന്നതിനിടെയാണ് യു. പ്രതിഭയുടെ ഈ ‘കുട്ടിച്ചാത്തൻ’ പരാമർശം പുറത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ ഈ പ്രസ്താവന ഇതിനകം തന്നെ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞു.












