ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡർ പർവതനേനി ഹരീഷ് ആണ് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ നിലപാട് കർശനമായി വ്യക്തമാക്കിയത്. ഭീകരവാദത്തെ സ്വന്തം നയമായി കൊണ്ടുനടക്കുന്ന ഇസ്ലാമാബാദിന് അതിന്റെ പ്രത്യാഘാതങ്ങൾ അംഗീകരിക്കേണ്ടി വരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചുള്ള സുരക്ഷാ കൗൺസിലിന്റെ പ്രത്യേക ചർച്ചയിലാണ് ഇന്ത്യ പാകിസ്താനെ രൂക്ഷമായി വിമർശിച്ചത്. ‘ആയിരം മുറിവുകൾ കൊണ്ട് ഇന്ത്യയുടെ രക്തം ഒഴുക്കുക’ എന്ന പാകിസ്താന്റെ സൈനിക സിദ്ധാന്തം അവരുടെ യുഎൻ ചാർട്ടറിനോടുള്ള പ്രതിബദ്ധത എത്രത്തോളം പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്ന് പർവതനേനി ഹരീഷ് സൂചിപ്പിച്ചു. പാകിസ്താൻ രൂപീകരണം മുതൽ ഇന്ത്യക്കെതിരെ സ്വീകരിച്ചുപോരുന്ന ശത്രുതാപരമായ നിലപാടുകളെ ഓരോന്നും അക്കമിട്ട് നിരത്തി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും പാകിസ്താൻ നിരന്തരം ലംഘിക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. എല്ലാവിധത്തിലുള്ള ഭീകരവാദ പിന്തുണയും പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിനെ പരാമർശിച്ച് ചൈനയും പാകിസ്താനും സംയുക്തമായി ഇറക്കിയ പ്രസ്താവനയെയും ഇന്ത്യ പൂർണ്ണമായി തള്ളിപ്പറഞ്ഞു.








