ഷിംല : ഹിമാചൽ പ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ വൻ കുതിപ്പ് നടത്തിയിരിക്കുകയാണ് ബിജെപി. അടുത്തുതന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്. സംസ്ഥാനത്തെ പ്രമുഖ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന മത്സരത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തി. ധർമ്മശാല, മാണ്ഡി, സോളൻ എന്നീ കോർപ്പറേഷനുകളിൽ ബിജെപി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. അതേസമയം, പാലംപൂർ കോർപ്പറേഷൻ നിലനിർത്താൻ കഴിഞ്ഞതു കോൺഗ്രസിന് ഏക ആശ്വാസമായത്.
മേയ് 17-ന് നടന്ന വോട്ടെടുപ്പിന്റെ ഫലം കനത്ത സുരക്ഷയിലാണ് ഇന്ന് പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും മഴയും കൊടുങ്കാറ്റും ഉണ്ടായിരുന്നിട്ടും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 81% പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെതിരെയുള്ള ജനവികാരമാണ് ഫലമെന്ന് ബിജെപി അവകാശപ്പെട്ടു.
ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന നിയമസഭാ-ലോക്സഭാ രാഷ്ട്രീയ ചലനങ്ങളിൽ ഇരുപാർട്ടികൾക്കും നിർണ്ണായകമായ സൂചനയാണ് നൽകുന്നത്. ഭരണം കൈയ്യാളിയിട്ടും തദ്ദേശീയ തലത്തിൽ മൂന്ന് പ്രധാന നഗരങ്ങൾ നഷ്ടപ്പെട്ടത് കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.









