കൊച്ചി: മലയാളി മനസ്സുകളിൽ ചിരിയുടെ വസന്തം തീർത്ത പ്രിയ നടൻ സലിം കുമാറിന്റെ വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം വിതുമ്പുമ്പോൾ, മാതാ അമൃതാനന്ദമയി ദേവിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ ആത്മബന്ധത്തിന്റെ ഓർമ്മകളും വീണ്ടും ചർച്ചയാവുകയാണ്. കടുത്ത യുക്തിവാദിയായ അച്ഛന്റെ മകനായി ജനിച്ച, വലിയ ദൈവവിശ്വാസമൊന്നുമില്ലാതിരുന്ന സലിം കുമാർ അമൃതാനന്ദമയി അമ്മയുടെ വലിയൊരു ആരാധകനായി മാറിയതിന് പിന്നിൽ കണ്ണീരുപ്പുള്ള ഒരു ജീവിതകഥയുണ്ടായിരുന്നു.
“എന്നെ വേണം എന്ന് പറയാൻ അന്ന് അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ”,തന്റെ മാരകമായ കരൾ രോഗാവസ്ഥയെക്കുറിച്ചും അന്ന് അമൃതാനന്ദമയി അമ്മ നൽകിയ താങ്ങിനെക്കുറിച്ചും ഒരു പൊതുവേദിയിൽ വെച്ച് സലിം കുമാർ വികാരാധീനനായി സംസാരിച്ചിരുന്നു.
“മൂന്നാല് വർഷങ്ങൾക്ക് മുൻപ് മാരക രോഗത്തിന് അടിമയായപ്പോൾ ഞാൻ ജീവിതത്തിൽ ഒരുപാട് സഹായിച്ച ബന്ധുക്കൾ പോലും എന്നെ കയ്യൊഴിഞ്ഞ ഒരു സമയമുണ്ടായിരുന്നു. രോഗാവസ്ഥയുടെ സമയം പൈസയുടെ കാര്യം ഒന്നും ചിന്തിക്കുകയേ വേണ്ട എന്ന് പറഞ്ഞത് അമ്മയാണ്. ഓപ്പറേഷന് തൊട്ടുമുൻപ് അമ്മ എന്നോട് പറഞ്ഞു: ‘ധൈര്യമായിട്ട് പോയി ഓപ്പറേഷൻ ചെയ്യൂ മകനെ… നിന്നെ എനിക്ക് വേണം.’ എന്നെ വേണം എന്ന് പറയാൻ ആ സമയത്ത് എന്റെ ഭാര്യക്കും കുട്ടികൾക്കും ഒപ്പം അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.” – സലിം കുമാർ അന്ന് പറഞ്ഞു.
തന്റെ ജീവിതത്തിൽ കടുത്ത മാനസിക വ്യഥകളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴെല്ലാം താൻ ഓടിയെത്തിയിരുന്നത് അമൃതാനന്ദമയി അമ്മയുടെ അടുത്തേക്കായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.”ഡീസലടിക്കാൻ ഞാൻ അമ്മയുടെ അടുത്ത് വരും ,അമ്മയെ ഓരോ പ്രാവശ്യവും ഞാൻ കാണാൻ വരുന്നത് എന്റെ ഡീസൽ തീരുമ്പോഴാണ്. അങ്ങനെ ഡീസൽ തീർന്ന് നിൽക്കുമ്പോൾ നേരെ അമ്മയുടെ അടുത്ത് വരും, സംസാരിക്കും, മാനസികമായി കരുത്ത് നേടി ഡീസൽ അടിച്ചിട്ട് ഞാൻ പോകും.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അമ്മ ഒരിക്കലും മതം മാറ്റാൻ ശ്രമിക്കുന്നില്ലെന്നും, മാജിക് കാണിക്കുന്നില്ലെന്നും, ആൾദൈവമാണെന്ന് ആരോടും പറയുന്നില്ലെന്നും വ്യക്തമാക്കിയ സലിം കുമാർ, തന്നെ വെളിച്ചത്തിലേക്ക് നയിച്ച ആ സ്നേഹത്തെയാണ് താൻ ആരാധിക്കുന്നതെന്നും പറഞ്ഞിരുന്നു.
“ഈ നിൽക്കുന്ന സലിം കുമാർ ഇങ്ങനെ ഞെളിഞ്ഞു നിന്ന് പ്രസംഗിക്കാൻ ഒരേയൊരു കാരണക്കാരിയേയുള്ളൂ, അത് അമ്മയാണ്. എന്റെ മരണം വരെ അമ്മയുടെ ഒരു മകനായി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം,” എന്ന് പറഞ്ഞ കലാകാരൻ ഒടുവിൽ വിടവാങ്ങിയതും കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചാണ് എന്നത് ഈ ബന്ധത്തിന്റെ തീവ്രത അടിവരയിടുന്നു.












