ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം ഏറ്റവും രൂക്ഷമായ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലും ഇറാനും തമ്മിൽ അതി മാരകമായ ഏറ്റുമുട്ടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ഇറാന്റെ സാമ്പത്തിക നട്ടെല്ലായ മഹ്ഷഹറിലെ വൻകിട പെട്രോകെമിക്കൽ സമുച്ചയത്തിന് നേരെ ഇസ്രായേൽ വ്യോമസേന ഭീകരമായ വ്യോമാക്രമണം നടത്തി. സമുച്ചയത്തിലെ ഒന്നിലധികം നിർണായക ലക്ഷ്യങ്ങൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി അറിയിച്ചു. താൽക്കാലിക വെടിനിർത്തൽ പൂർണ്ണമായി ലംഘിച്ചുകൊണ്ട് ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണങ്ങൾ തുടരുകയാണ്.
ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായി ഇറാൻ അതിശക്തമായ തിരിച്ചടി ആരംഭിച്ചു. നിരവധി ബാലിസ്റ്റിക് മിസൈലുകൾ ആണ് ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തത്. തങ്ങളുടെ റഡാർ സംവിധാനങ്ങൾ തകർത്തതിന് പകരമായാണ് ഈ നീക്കമെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ ഭാഗത്തുനിന്നും രണ്ടാമതൊരു തരംഗ മിസൈൽ ആക്രമണം കൂടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ഉടൻ ബങ്കറുകളിലേക്ക് മാറണമെന്നും ഇസ്രായേൽ സൈന്യം അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷം വീണ്ടും രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളും കടുത്ത ഭീതിയിലാണ്.
യുദ്ധ സാഹചര്യം കണക്കിലെടുത്ത് കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. അമേരിക്കൻ സൈനികർ തങ്ങുന്ന പ്രിൻസ് സുൽത്താൻ എയർ ബേസ് സ്ഥിതി ചെയ്യുന്ന മേഖലയിൽ സൗദി അറേബ്യ മിസൈൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അമേരിക്കയും ഇറാനും തമ്മിൽ ഇന്ന് ഒപ്പുവെക്കാനിരുന്ന നിർണായകമായ സമാധാന കരാറാണ് ഈ അപ്രതീക്ഷിത ആക്രമണത്തോടെ ഇല്ലാതായത്.








