ടെഹ്റാൻ : യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെച്ചേക്കുമെന്ന മധ്യസ്ഥ രാജ്യമായ പാകിസ്താന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി. സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഞായറാഴ്ച ഒപ്പിടൽ ചടങ്ങുകൾ ഒന്നും ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി ശനിയാഴ്ച രാത്രി വ്യക്തമാക്കി.
സമാധാന കരാറിന്റെ അന്തിമ രൂപരേഖയിൽ ഇരുരാജ്യങ്ങളും എത്തിച്ചേർന്നതായും ഞായറാഴ്ചയോടെ ഡിജിറ്റൽ ഒപ്പിടൽ നടന്നേക്കുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണ് ശനിയാഴ്ച സൂചിപ്പിച്ചിരുന്നത്. എന്നാൽ ഈ അവകാശവാദം ഇറാൻ നിഷേധിച്ചു. കരാർ ഒപ്പുവെക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകാം എങ്കിലും ഉടൻ ഇല്ലെന്നും ഇറാൻ അറിയിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ സമയക്രമത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയില്ലെന്നും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
തർക്കവിഷയങ്ങളിൽ അന്തിമ കരാറിലെത്താൻ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കാലയളവാണ് ഈ പുതിയ ധാരണാപത്രം മുന്നോട്ട് വെക്കുന്നത്. അതേസമയം, ഈ സമാധാന കരാറിന്റെ ഭാഗമാകാൻ തങ്ങൾ തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നടപടികൾ പരിമിതപ്പെടുത്താൻ അമേരിക്ക ആവശ്യപ്പെടുന്നതാണ് ഇസ്രായേലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.









