അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് (JD Vance) തന്റെ വ്യക്തിജീവിതത്തെയും അന്താരാഷ്ട്ര നയതന്ത്രത്തെയും കോർത്തിണക്കി നടത്തിയ ഒരു തമാശരൂപേണയുള്ള പ്രസ്താവന ഇപ്പോൾ ആഗോളതലത്തിൽ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറുന്നു. ഇറാനുമായുള്ള യുഎസിന്റെ നിർണായക സമാധാന ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാൻസ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ ഭാര്യ ഉഷാ വാൻസിനെയും പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെയുമാണ് വാൻസ് ഈ രീതിയിൽ വിശേഷിപ്പിച്ചത്. “കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ വെച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനൊപ്പം ഫീൽഡ് മാർഷൽ അസിം മുനീർ ഞങ്ങളെ സ്വീകരിച്ചത് മുതൽ ഞാൻ എപ്പോഴും സുഹൃത്തുക്കളോട് ഒരു തമാശ പറയാറുണ്ട്; എന്റെ ജീവിതത്തിൽ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളുണ്ട്. അതിലൊരാൾ ഇന്ത്യക്കാരിയാണ്, മറ്റേയാൾ പാകിസ്താനിയും. അതിൽ ഇന്ത്യക്കാരി എന്റെ പ്രിയപ്പെട്ട ഭാര്യ ഉഷയാണ്, പാകിസ്താനി ജനറൽ മുനീറും,” വാൻസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ താൻ തന്റെ ഭാര്യയോട് സംസാരിച്ചതിനേക്കാൾ കൂടുതൽ ജനറൽ മുനീറുമായാണ് സംസാരിച്ചതെന്നും വാൻസ് കൂട്ടിച്ചേർത്തു
ഭാരതീയ പൈതൃകമുള്ള ഉഷാ വാൻസുമായുള്ള ജെ.ഡി വാൻസിന്റെ വിവാഹവും കുടുംബജീവിതവും മുൻപും മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുള്ളതാണ്. ആന്ധ്രാപ്രദേശിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായ ഉഷയും വാൻസും 2010-ൽ യേൽ ലോ സ്കൂളിൽ പഠിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്. തുടർന്ന് 2014-ൽ ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. താൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് മാറിയ ശേഷവും തന്റെ ഭാര്യ ഹിന്ദു വിശ്വാസത്തിൽ തന്നെ തുടരുന്നതിനെക്കുറിച്ചും വാൻസ് മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്











